14 വർഷമായി ജോളി പോയിരുന്നത് എവിടെ? ജോളിയുടെ എൻഐടി ബന്ധം എന്ത്?

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ എൻഐടി ബന്ധത്തിന്റെ ചുരുളഴിക്കാൻ അന്വേഷണം വിപുലമാക്കി പൊലീസ്. കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെയും എൻഐടി പരിസരത്ത് അന്വേഷണം നടത്തി.  ചാത്തമംഗലം മേഖലയിൽ ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടി പാർലർ, തയ്യൽക്കട, എൻഐടി കന്റീൻ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ടെന്നായിരുന്നു ജോളി പൊലീസിനോടു പറഞ്ഞത്.

തയ്യൽക്കട ഉടമയെ ഇന്നലെ ചോദ്യം ചെയ്തു. എൻഐടിക്കു സമീപത്തുള്ള ക്രൈസ്തവ ദേവാലയത്തിലും പോയി  ഇരിക്കാറുണ്ട്. ഈ സ്ഥലങ്ങളിൽ ജോളിയെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. എന്നാൽ 14 വർഷമായി എൻഐടിയിലേക്കെന്നു പറഞ്ഞു കാറിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ഈ സ്ഥലങ്ങളിൽ മാത്രമാണു പോയിരുന്നതെന്നു പൊലീസ് വിശ്വസിക്കുന്നില്ല. 

ഇവരുടെ ദൂരൂഹമായ ചില ബന്ധങ്ങളും യാത്രകളും പരിശോധിക്കുന്നുണ്ട്. ഇതിനെ എൻഐടി ബന്ധവുമായി കൂട്ടിയോജിപ്പിക്കുന്ന കണ്ണികൾക്കുവേണ്ടിയുള്ള ശ്രമത്തിലാണു പൊലീസ്. എൻഐടി പരിസരത്തു ജോളിക്കു താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നെന്നും ഒരു ബാങ്കിന്റെ ഇവിടെയുള്ള ശാഖയിലെ അക്കൗണ്ട് വഴിയാണ് പല പണമിടപാടുകളും നടന്നിരുന്നതെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

കൂടത്തായി കൊലപാതകക്കേസിലെ അന്വേഷണസംഘം മുഖ്യപ്രതി ജോളിയുടെ സഹോദരീഭർത്താവ് രാജകുമാരി സ്വദേശി ജോണിയെ വീട്ടിലെത്തി ചോദ്യം ചെയ്തു. സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ജോണിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. രാജാക്കാട് പൊലീസിനൊപ്പമാണ് അന്വേഷണസംഘം ജോണിയുടെ വീട്ടിൽ എത്തിയത്. 

കേസിലെ പരാതിക്കാരനായ റോജോ നാട്ടിലെത്തി. അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് അമേരിക്കയില്‍നിന്നും നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ നിന്ന്  പോലീസ് അകമ്പടിയോടെ വൈക്കത്ത് സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് റോജോ എത്തിയത്. മരിച്ച റോയിയുടെ സഹോദദരനാണ് റോജോ.