ജോളി റോയിയെ കൊന്നത് അവിഹിത ബന്ധങ്ങള്‍ മറയ്ക്കാന്‍; റിപ്പോര്‍ട്ട് പുറത്ത്

അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് കൂടത്തായി കേസിലെ പ്രതി ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു. 

കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 

1. റോയിയുടെ അമിതമദ്യപാനശീലത്തില്‍ ജോളിക്കുള്ള അതൃപ്തി

2. റോയിയുടെ അന്ധവിശ്വാസങ്ങളില്‍ ജോളിക്കുള്ള എതിര്‍പ്പ്

3. ജോളിയുടെ അവിഹിതബന്ധങ്ങളില്‍ റോയിക്കുള്ള എതിര്‍പ്പ്

4. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം

2011 സെപ്റ്റംബര്‍ മുപ്പതിനാണ് ജോളി മാത്യുവിന്റേയും പ്രജികുമാറിന്റേയും സഹായത്തോടെ റോയിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാന്‍ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാരണങ്ങളില്‍ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.