മഞ്ചേശ്വരത്ത് പ്രചരണം കൊഴുപ്പിച്ച് എന്‍ഡിഎ; ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാൻ ശ്രമം

മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് എന്‍ഡിഎ.  മണ്ഡലത്തിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണവും, ചെമ്പരിക്ക ഖാസി വധവുമാണ് രണ്ടാം ഘട്ടത്തില്‍ പ്രധാന പ്രചരണ ആയുധങ്ങളായി ബിജെപി ഉപയോഗിക്കുന്നത്. സ്ഥാനാര്‍ഥി വാഹന പര്യടനവും ആരംഭിച്ചു.

മണ്ഡലത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് മഞ്ചേശ്വരത്ത് രണ്ടാംഘട്ടത്തില്‍ എന്‍ഡിഎ പയറ്റുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തിന്റെ ഉത്തരവാദിത്വം മുസ്്ലീം ലീഗിനുമേല്‍ ചുമത്തുന്നതിനൊപ്പം, പ്രതികളെ പിടികൂടാതെ ഇടതുമുന്നണിയും അക്രമത്തെ പിന്തുണക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ചെമ്പരിക്ക...മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ കാര്യക്ഷമാമായ അന്വേഷണം വേണമെന്ന ആവശ്യത്തിനും ബിജെപിയുടെ പിന്തുണയുണ്ട്. മണ്ഡലത്തിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ നിലപാട് പ്രഖ്യാപിച്ചു.

രവീശ തന്ത്രിയുടെ പ്രചരണം കൂടുതല്‍ കൊഴുപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം പുരോഗമിക്കുന്നു. വാഹന പ്രചരണം കൂടി ആരംഭിച്ചതോടെ ചുണ്ടിനും, കപ്പിനുമിടയില്‍ നഷ്ടപ്പെട്ട മ‍ഞ്ചേശ്വരം മണ്ഡലം  കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.