ജോളി മനോരോഗിയല്ല; കൊലകൾ കാരംസ് കളിക്കുന്നത് പോലെ: കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ മനോരോഗിയാക്കാൻ ന‍ടക്കുന്ന ശ്രമങ്ങൾക്കെതിരെ ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരി. ഒന്നിനുപുറകെ ഒന്നായി കൊലകൾ നടത്തിയ ജോളി ഒരിക്കലും ഒരു സീരിയൽ കില്ലർ അല്ല എന്ന് ജയിംസ് വടക്കുംചേരി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കുറിപ്പ് വായിക്കാം: 

ഈ സംഭവത്തിൽ സീരിയല്‍ കില്ലര്‍ എന്ന പ്രയോഗം ഒട്ടും ശരിയല്ല. സീരിയല്‍ കില്ലര്‍ എന്നതിന് കൃത്യമായ ഡെഫനിഷന്‍ ഉണ്ട്. അതായത് അവര്‍ക്ക് കൊല്ലുക എന്നത് ഒരു ഹരമായത് കൊണ്ട് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. റിപ്പര്‍ ചന്ദ്രന്‍, രമണ്‍ രാഘവ് എന്നിവരുടെ കാര്യത്തിൽ വഴിയില്‍ ഉറങ്ങിക്കിടന്നവരെയാണ് അവര്‍ കൊന്നത്.

എന്നാൽ ജോളിയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. അനുകൂലമായ സാഹചര്യത്തില്‍ വളരെ തന്ത്രപൂർവമാണ് അവർ ഈ കൊലകള്‍ ചെയ്തത്. ഇതൊരിക്കലും ഒരു സീരിയല്‍ കില്ലറുടേത് പോലെ മനോരോഗത്തിൽപെടില്ല.

ഇത് അതിബുദ്ധിയുടെ കാര്യമാണ്. വഴിയില്‍ കിടന്നവരെയും ട്രെയിനില്‍ യാത്ര ചെയ്യുന്നവരെയുമൊന്നുമല്ല ജോളി കൊന്നത്. വളരെ കാല്‍ക്കുലേറ്റഡ് ആയി, കാരംസ് കളിക്കുന്നതുപോലെയാണ് അവര്‍ കൊലകള്‍ നടത്തിയത്. അതുകൊണ്ട് ജോളിയെ 'സീരിയല്‍ കില്ലര്‍' എന്ന് വിളിക്കുമ്പോള്‍ അവർക്ക് മനോരോഗത്തിന്റെ ആനുകൂല്യം നല്‍കുകയാണ് നമ്മള്‍. ജോളിക്ക് ഒരു സൈക്കോപാത്തിന്റെ ലക്ഷണമാണുള്ളത്. കുറ്റം ചെയ്തതിന്റെ കുറ്റബോധം അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണിത്.