ഹൈഡ്രജൻ കാർ ആദ്യം കേരളത്തിൽ എത്തും; ലക്ഷ്യം മലിനീകരണം കുറയ്ക്കൽ

അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഉദ്ദേശിച്ച് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായുപയോഗിക്കുന്ന കാര്‍ എത്തിക്കാന്‍ നീക്കം.  സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ടൊയോട്ടയുടെ ബെംഗളൂരുവിലുള്ള കേന്ദ്രത്തിലെത്തി ടെസ്റ്റ് ഡ്രൈവ് നടത്തി.  

ഇതാണ് ടൊയോട്ടയുടെ മിറായി എന്ന ഹ്രൈഡ്രജന്‍ കാര്‍. ഹൈഡ്രജന്‍ ഇന്ധനസെല്‍ സാങ്കേതികവിദ്യയില്‍ ഓടുന്ന കാര്‍. 2014ല്‍ ജപ്പാനില്‍ വില്‍പ്പന തുടങ്ങിയ ഈ കാര്‍ ഫുള്‍ടാങ്ക് ഇന്ധനത്തില്‍ 500 കിലോമീറ്റര്‍ ഓടും. ഹൈഡ്രജനും ഓക്സിജനും ചേർന്നു നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. പുകയ്ക്കു പകരം പുറന്തള്ളുന്നതാകട്ടെ വെള്ളവും. 140 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും.

ഏകദേശം 43 ലക്ഷം രൂപയാണ് വില. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ മിറായിയുടെ ടെസ്റ്റ് ഡ്രൈവ് നടത്തി. ഫ്യൂവൽ സെൽ ഘടകങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഏതെങ്കിലും പൊതുമേഖല കമ്പനിയുമായി ടൊയോട്ട പങ്കുവച്ചാൽ കാറിന്റെ വില കുറയ്ക്കാനാകുമെന്നു പ്രതീക്ഷ. വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാൻ കേരളം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടി. കൊച്ചി, കൊല്ലം, അഴീക്കൽ, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളിൽ ഹൈഡ്രജൻ എത്തിച്ച് പൈപ്പുകള്‍ വഴി ഡിസ്പെൻസിങ് യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിൻ റിഫൈനറിയുമായി ചർച്ചകൾ നടക്കുന്നുണ്ട്.