ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു

ചെറുപുഴയിൽ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്തതില്‍ കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് നേതാക്കൾ വ്യക്തമാക്കി.

തളിപറമ്പ് ഡിവൈഎസ്പി ഓഫിസിൽ വിളിച്ചു വരുത്തിയാണ് കോൺഗ്രസ് നേതാക്കളടക്കമുള്ള, ചെറുപുഴ ഡെവലപേഴ്സ് കമ്പനി പാർട്ണർമാരിൽ നിന്ന് മൊഴിയെടുത്തത്. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ.കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് കെ.കെ.സുരേഷ് കുമാർ, കാസർകോഡ് ഡിസിസി സെക്രട്ടറി ടോമി പ്ലാച്ചേരി, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, ടി.വി.അബ്ദുൾ സലിം തുടങ്ങിയ എട്ടു പേരിൽ നിന്ന് ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതിയും തെളിവെടുപ്പ് തുടരുകയാണ്.