'അടുത്ത ഓണം എംഎൽഎ'; ആത്മവിശ്വാസത്തോടെ പാലായിലെ സ്ഥാനാർഥികൾ

അടുത്ത ഓണം എംഎൽഎ യായി ആഘോഷിക്കാൻ ഉറപ്പിച്ച്  തിരുവോണത്തിന് തിരക്കിൽ മുങ്ങി പാലായിലെ സ്ഥാനാർഥികൾ. ഓണാഘോഷങ്ങളിലും ഓണക്കളികളിലും മൂവരും കളം നിറഞ്ഞു.

പ്രിയതമ ആലീസിന് മധുരം വച്ചാണ് മാണി സി കാപ്പന്റെ തിരുവോണ ദിനം തുടങ്ങിയത്. പിന്നെ ഇക്കുറി എല്ലാം മധുരമാക്കാൻ രാവിലേ വോട്ടു പിടിക്കാനിറങ്ങി.  അയ്യമ്പാറയിലെത്തിയപ്പോൾ  കളിക്കമ്പക്കാരനായ സ്ഥാനാർഥിക്ക് ഒരു മോഹം. ഉന്നമൊന്ന് പരീക്ഷിക്കണം. മൂന്നേറിൽ പിഴച്ചു. നാലാം ഏറിൽ ഉന്നം കിറുകൃത്യം. ആ സന്തോഷത്തിലൊരു ഓണപ്പാട്ട്

യു ഡി എഫ് ജോസ് ടോമിന് തിരക്കോട് തിരക്കായിരുന്നു.  മേലുകാവ് മൂന്നിലവ് പഞ്ചായത്തുകളിലായി ഓട്ടപ്രദക്ഷിണം. പാർട്ടിക്കാർക്കും ജോസ് കെ മാണിക്കുമൊപ്പം ഓണസദ്യ. ഓണനാളുകളിലെ പതിവ് തെറ്റിക്കാതെ എൻ.ഹരി ഇന്നും കടപ്പാട്ടൂർ  മഹാദേവ ക്ഷേത്രത്തിലെത്തി. പിന്നെ ആ പതിവിന്റെ രഹസ്യം പറഞ്ഞു.

സംസ്ഥാനത്തെ എൻഡിഎ നേതാക്കളെല്ലാം തിരുവോണത്തിന് തിരഞ്ഞെടുത്തത് പാല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പൂക്കളവും ചെണ്ടമേളവും പായസ വിതരണവും മാവേലിയും,   ചേരുവകൾ എല്ലാം ചേർന്നിരുന്നു. രാഷ്ട്രീയ പ്രസംഗം മാത്രമല്ല തനതായ ശൈലിയിൽ താളം പിടിക്കാനും സ്ഥാനാർത്ഥിക്ക് അറിയാം. വടവാതൂർ സത്യ കൂടാരത്തിൽ ഓണമുണ്ട് അന്തേവാസികൾക്ക് സമ്മാനങ്ങളും നല്കാൻ സ്ഥാനാർഥി സമയം കണ്ടെത്തി.