വിപണിവിലക്കനുസരിച്ച് പച്ചത്തേങ്ങ സംഭരിക്കണം; കേരഫെഡിനോട് മന്ത്രി

വിപണിവിലക്കനുസരിച്ച് പച്ചത്തേങ്ങ സംഭരിക്കാന്‍ കേരഫെഡിനോട് ആവശ്യപ്പെട്ടെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. പച്ചത്തേങ്ങയുടെ വില കിലോയ്ക്ക് ഇരുപത്തിയേഴില്‍ കുറയാന്‍ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.

വിപണിവിലക്കനുസരിച്ച് സംഭരണ വില ഉയര്‍ത്തുന്നില്ലെന്നായിരുന്നു കര്‍ഷകരുടെ പരാതി. എന്നാല്‍ നാളികേരത്തിന്‍റെ വില ഇരുപത്തിയേഴില്‍ കുറയുന്ന സാഹചര്യമണ്ടായാല്‍ മാത്രം കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംഭരണം തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. വിപണിവില കൂടുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാകില്ല.  സംഭരണ കേന്ദ്രങ്ങള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. വിപണിവില കുറയുമ്പോള്‍ കര്‍ഷകന്‍ സംഭരണ കേന്ദ്രത്തിലേക്ക് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പച്ചത്തേങ്ങ സംഭരിക്കാന്‍ സംസ്ഥാനത്താകെ മുന്നൂറോളം  കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചത്. അതില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് തേങ്ങ വാങ്ങി തുടങ്ങിയത്. എന്നാല്‍ സംഭരണ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി.തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതര സംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കര്‍ഷകര്‍ ആരോപിച്ചു.

വ്യജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.