കാടും കടുവയും ചങ്ങാതിമാർ; കാനനഭംഗി ഒപ്പിയെടുത്ത് മഹേഷ്

ഇന്ന് ലോക െഫാട്ടോഗ്രഫി ദിനം. കാടിന്റെ നിഗൂഢതയും വന്യതയും ഒപ്പിയെടുത്തുളള യാത്രകളിലാണ് പാലക്കാട് കൊല്ലങ്കോടുകാരനായ മഹേഷ്. ഒാരോ കാടുകയറ്റത്തിലും കടുവയും പുലിയുമൊക്ക ചങ്ങാതിമാരായതുപോലെയാണ് ഒരോ ചിത്രങ്ങളും.

നെല്ലിയാമ്പതിയുടെ താഴ്്്വാരവും പറമ്പിക്കുളത്തിന്റെ മനോഹാരിതയും ബാല്യത്തിലേ ക്യാമറയില്‍ പകര്‍ത്തിയാണ് കൊല്ലങ്കോടുകാരനായ മഹേഷ് കാടുകയറിയത്. ഇന്നിപ്പോള്‍ വന്യജീവി ഫൊട്ടോഗ്രഫിയിലെ യുവത്വം. ജിംകോർബറ്റ്, ബന്ദിപ്പൂർ, മൂന്നാർ, ചിന്നാർ, പറമ്പിക്കുളം,  ഇരവികുളം, ആറളം,വാൽപ്പാറ, നെല്ലിയാമ്പതി തുടങ്ങി മഹേഷിന്റെ വനയാത്രകളില്‍ പതിഞ്ഞ മികച്ച ചിത്രങ്ങള്‍ക്ക് എണ്ണമില്ല. മഹാരാഷ്ട്രയിലെ തഡോബ ആന്ധാരി ടൈഗർ റിസർവിലൂടെയാണ് കടുവയെ അടുത്തറിഞ്ഞത്. നല്ല ചിത്രങ്ങള്‍ക്കായി ഒരേയിടത്ത് മൂന്നുദിവസം വരെയിരുന്ന അനുഭവമുണ്ട്. സമയമല്ല. ക്ഷമയാണ് വേണ്ടതെന്ന് മഹേഷ്.

       കൊച്ചിയിലെ ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ ഫോട്ടോഗ്രഫി പഠിച്ചിറങ്ങിയ മഹേഷ് ഇതിനകം രണ്ടു സിനിമകളുടെ സഹക്യാമറമാനായി. ഷോർട്ട് ഫിലീമുകളും ആൽബങ്ങളും നിരവധി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഒരു പതിറ്റാണ്ടിലേറെ അടുപ്പമുളള വന്യജീവി ഫൊട്ടോഗ്രഫിയും തുടരാനാണ് താല്‍പര്യം. കൊല്ലങ്കോട് കുതിരമൂളിയിൽ മണി–കുമാരി ദമ്പതികളുടെ മകനാണ്.