വർഷം ഒന്ന്, ഭീതി നിറച്ച് ഓഗസ്റ്റ്; കരകയറും മുൻപ് വീണ്ടുമൊരോർമപ്പെടുത്തൽ

മഹാപ്രളയം കഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം.  450 പേരുടെ ജീവനെടുത്ത പ്രളയം മുപ്പത്തി ഒന്നായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടവും വരുത്തി.  ഇതില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത വന്‍മഴക്കാലം കേരളത്തെ മുക്കിയിരിക്കുന്നത്. 2018 ഒാഗസ്റ്റ് 14. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത പെരുമഴയില്‍ മുങ്ങിത്തുടങ്ങി. ആകാശം ചോര്‍ന്നൊലിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി 35 ജലസംഭരണികള്‍ ഒരുമിച്ച് തുറന്നുവിട്ടു. 

സംസഥാനത്തെ പകുതിയിലേറെ വില്ലേജുകള്‍ പ്രളയജലത്തില്‍ മുങ്ങി. നിമിഷം തോറും മരണസംഖ്യ ഉയര്‍ന്നു. പന്ത്രണ്ടായിരത്തിലധികം ക്യാമ്പുകളിലായി 34,15,937 പേര്‍. 15,312 വീടുകള്‍ പൂര്‍ണ്ണമായും മൂന്ന് ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒന്‍പത് ലക്ഷം കിലോമീറ്ററിലധികം റോഡുകള്‍ തകര്‍ന്നു. വൈദ്യുതികണക്ഷനുകള്‍ കൂട്ടത്തോടെ പോയി, പ്രളയരാത്രികളുടെ ദൈര്‍ഘ്യംകൂട്ടി കേരളം ഇരുട്ടിലായി. കുടിവെള്ളം പോലും മുടങ്ങി. കന്നുകാലികള്‍ ചത്ത് റോഡുകളിലൂടെയും പാടങ്ങളിലൂടെയും ഒഴുകിനടന്നു. കണ്ണെത്താദൂരം ഒഴുകിപ്പരന്ന വെള്ളത്തില്‍ ഒറ്റപ്പെട്ട വീടുകളിലെ പതിനായിരക്കണക്കിനു ജീവനുകള്‍ രക്ഷയ്ക്കായി കേണു.

സൈനികരായും മല്‍സ്യത്തൊഴിലാളികളായും രക്ഷകരെത്തി. പേമാരിയെ തോല്‍പിക്കാന്‍ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കുടക്കീഴില്‍ കേരളം ഒരുമിച്ചു. 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായതെന്ന് ഐക്യരാഷ്ട്രസഭയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ അസെസ്മെന്‍റ് കണ്ടെത്തി. കേട്ടുകേള്‍വിയില്ലാത്ത ദുരന്ത മുഖത്തു നിന്ന്  കരകയറാനുള്ള ശ്രമം തുടങ്ങിയതിനൊപ്പം ഡാമുകള്‍ തുറന്നതിനെക്കുറിച്ചും ദുരിതാശ്വാസ വിതരണത്തെക്കുറിച്ചുമുള്ള പരാതികളും ചര്‍ച്ചയായി.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചുവടുറപ്പിക്കും മുന്‍പാണ് ഈ ഒാഗസ്റ്റ് വീണ്ടും ഭീതിദമായ ഓര്‍മ്മപ്പെടുത്തലോടെ പെരുമഴക്കാലമായത്. ഈ സങ്കടമഴയും കടന്ന്, ഇടിഞ്ഞെത്തിയ ചെളിക്കൂമ്പാരങ്ങളില്‍ നിന്ന് കേരളം കൈകോര്‍ത്ത് കരകയറും.സംശയമില്ല. പക്ഷെ പുനര്‍നിര്‍മ്മിക്കുന്ന കേരളത്തില്‍ പുഴയെയും കായലിനെയും പശ്ചിമഘട്ടത്തെയും കൂടി സംരക്ഷിക്കാനുള്ള ഇടമുണ്ടാവണം. അല്ലെങ്കില്‍ ഇനിയൊരു മഴക്കാലത്തെ താങ്ങാന്‍ നമുക്കാവില്ല.