അന്ധതയെ തോൽപ്പിച്ച് നേടിയത് രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പ്; അഭിമാനനേട്ടം

അന്ധതയെ അതിജീവിച്ച് പഠനവഴിയില്‍ മുന്നേറുകയാണ് പാലക്കാട് വല്ലപ്പുഴ സ്വദേശിനി നാഫിയ. ഏറ്റവും ഒടുവില്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ ജൂനിയർ റിസർച്ച് ഫെലോഷിപ്പാണ് കരസ്ഥമാക്കിയത്. ഭിന്നശേഷി വിഭാഗത്തിൽ ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ജെആർഎഫ് നേടുന്ന രാജ്യത്തെ ആദ്യ വിദ്യാർഥിനിയാണ് നാഫിയ.

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മേൽനോട്ടത്തിൽ ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയിലാണ് സിടി നാഫിയയുടെ വിജയം. അന്ധതയെ തോല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പായ ജൂനിയർ റിസർച്ച് ഫെലോഷിപ്പാണ് നേടിയത്. മണ്ണാർക്കാട് കല്ലടികോട് MES കോളേജില്‍ PG ഇസ്‌ലാമിക്‌ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

കോളജ് അധ്യാപികയാകണമെന്നാണ് ആഗ്രഹം. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പാലക്കാട്‌ വല്ലപ്പുഴ ചെട്ടിത്തോടി മുസ്തഫയുടെയും നസീമയുടെയും നാലാമത്തെ മകളാണ് നാഫിയ. നാഫിയയുടെ വിജയത്തില്‍ നാടിനും വീടിനും അഭിമാനം. എല്ലാവരുടെയും പിന്തുണയാണ് നാഫിയയുടെ വഴികളെ ധന്യമാക്കുന്നു.