കത്തെല്ലാം ആരോ പൊട്ടിച്ചു വായിക്കുന്നു; പരാതിയുമായി വീട്ടമ്മ

representative image

വീട്ടിലേക്കെത്തുന്ന കത്തെല്ലാം ആരോ പൊട്ടിച്ചു വായിക്കുന്നു എന്ന പരാതിയുമായി വീട്ടമ്മ ഹെഡ് പോസ്റ്റ് ഓഫിസിൽ. കൊടുവിള അഞ്ജു ഭവനത്തിൽ ഡി.കവിതയ്ക്കു ലഭിച്ച ‘പൊട്ടിച്ച കത്തു’കളുടെ എണ്ണം 3! ദേശീയ പട്ടികജാതി കമ്മിഷനിൽ നിന്ന് ഒരു മാസം മുൻപു വന്ന 2 കത്തുകളും കഴിഞ്ഞ ദിവസം ലഭിച്ച ഒരു കത്തുമാണു കവിതയ്ക്കു പൊട്ടിച്ചു ലഭിച്ചത്. 

കഴിഞ്ഞ മാസം ലഭിച്ച കത്തുകൾ പൊട്ടിച്ചാണു ലഭിച്ചതെന്ന പരാതിയുമായി കിഴക്കേ കല്ലട പോസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ അധികൃതരുടെ മറുപടിയിങ്ങനെ: ‘ദേശീയ പട്ടികജാതി കമ്മിഷനിൽ നിന്നു വന്ന കത്തുകളിലെ വിലാസം കാണാൻ സാധിക്കാത്തതിനാലാണ് അവ പൊട്ടിച്ചത്.’ കഴിഞ്ഞ ദിവസം കൊടുവിള പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ കവിതയുടെ ഭർത്താവിനു നൽകിയ കത്തു പൊട്ടിച്ചതിനെ തുടർന്ന് അതവർ വാങ്ങാതെ മടക്കി നൽകി. 

കാര്യം തിരക്കിയപ്പോൾ, ഈ കത്ത് തന്റെ കയ്യിൽ ലഭിച്ചതും പൊട്ടിച്ച നിലയിലാണെന്നാണു പോസ്റ്റ്മാൻ പറയുന്നത്. കാര്യമന്വേഷിച്ചു കൊടുവിള പോസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ ലഭിച്ച മറുപടിയും ഇതു തന്നെ. തന്നെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ ജനപ്രതിനിധിയുമായി കേസ് നിലനിൽക്കുന്നുണ്ടെന്നു കവിത പറഞ്ഞു.

ദേശീയ പട്ടികജാതി കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎൽഎ തുടങ്ങിയവർക്കു  പരാതി നൽകിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കത്തുകൾ വരാറുണ്ടായിരുന്നെന്നും കത്തിലെ വിവരമറിയാൻ ആരോ അതു തുറന്നു നോക്കുന്നതായുമാണു കവിതയുടെ ആരോപണം.  കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിൽ പരാതി നൽകി.