നായ്ക്കളോടുള്ള ഇഷ്ടം പ്രൊഫഷണൽ പരിശീലകനാക്കി; അരുണിൻറെ കഥ

സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്താല്‍ ജീവനുതുല്യം സ്നേഹിക്കാന്‍ മനുഷ്യരേക്കാള്‍ മിടുക്കരാണ് മൃഗങ്ങള്‍. ഈ തിരിച്ചറിവാണ് തിരുവനന്തപുരത്തുകാരനായ അരുണിനെ ഇവരുമായി അടുപ്പിച്ചത്. നായ്ക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന അരുണ്‍ ഉപജീവനത്തിനുവേണ്ടി മാത്രമല്ല നായ പരിശീലകനായത് മറിച്ച് അവയോടുള്ള അകമഴിഞ്ഞ സ്നേഹം കൊണ്ടുകൂടിയാണ്. 

അരുണിന് നായ്ക്കളോടുള്ള ഇഷ്ടം ഒരുദിവസം കൊണ്ട് ഉണ്ടായതല്ല. ചെറുപ്പം മുതൽ തുടങ്ങിയ ആത്മബന്ധമാണത്. ക്രൗര്യവും ആക്രമണ സ്വഭാവവുമുള്ള നായ്ക്കൾ അരുണിന്റെ ഒരു നോട്ടത്തിനുമുന്നില്‍ അനുസരണയുള്ളവരായി. കാരണം, നായ്ക്കളെ മെരുക്കിയെടുക്കാനുള്ള കഴിവും ഭാഷയും അരുണിനറിയാം. നായ്ക്കളോടുള്ള ആ ഇഷ്ടം പ്രൊഫഷണൽ പരിശീലകനാവാനുള്ള ആഗ്രഹം അരുണിലുണ്ടാക്കി.

ഇതിനു ശേഷമാണ് നായ്ക്കളുടെ പരിപാലനത്തിനുപുറമേ ഹോസ്റ്റല്‍ സൗകര്യമൊരുക്കി എന്‍ഫോഴ്സ് K9 എന്ന പേരില്‍ ട്രയിനിങ് സ്കൂള്‍ ആരംഭിക്കുന്നത്.  വീടിനോട് അടുത്ത്  തന്നെയാണ് ട്രെയ്നിങ് സ്കൂൾ. സ്വദേശികളും വിദേശികളുമായ നിരവധി നായ്ക്കള്‍ ഇവിടെയുണ്ട്. ഒസാമ ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ പട്ടാളത്തെ സഹായിച്ച  ബെല്‍ജിയം മലിനോയും ഇവിടെയുണ്ട്.

ദിവസവും രാവിലെ ആറ് മണിക്ക് തുടങ്ങും അരുണിന്റെ ട്രയിനിങ് സ്കൂളിലെ ഒരു ദിവസം. ആദ്യം ടോയ്ലറ്റ് ട്രെയിനിങ്ങാണ്. നിയന്ത്രിതമായ സ്ഥലത്തു മാത്രം മലമൂത്ര വിസർജ്ജനം നടത്താനുള്ള പരിശീലനം. കാരണം നായ്ക്കളുടെ ആരോഗ്യത്തിന് കൂടുകളുടെയും വൃത്തി പ്രധാനമാണ്. തുടര്‍ന്നാണ് കായികമായ പരിശീലനം ആരംഭിക്കുക. 

പുറത്തുനിന്നുള്ള നായ്ക്കള്‍ക്ക് പരിശീലനവും, നായ്ക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഹോസ്റ്റല്‍ സംവിധാനവും ഇവിടെയുണ്ട്. രണ്ടു മാസമാണ് ഏറ്റവും ചുരുങ്ങിയ പരിശീലന കാലാവധി. അനുസരണ ശീലങ്ങൾ, വീട്ടാവശ്യങ്ങൾക്കു വേണ്ടിയുള്ള പരിശീലനം, വ്യക്തികളുടെ സുരക്ഷക്കു വേണ്ടിയുള്ള പരിശീലനം, ശ്വാന പ്രദർശനങ്ങൾക്കു വേണ്ടിയുള്ള പരിശീലനം എന്നിവയും ഇരിക്കാനും, നിൽക്കാനും, രണ്ട് കാലിൽ മുന്നോട്ടും പിറകോട്ടും നടക്കാനും എന്നു തുടങ്ങി പിഴവുകളില്ലാതെ വളയങ്ങൾക്കുള്ളിലൂടെ ചാടാനും പ്രതിബന്ധമായി നിൽക്കുന്ന ഹർഡിലുകൾ ചാടികടക്കാനും പരിശീലിപ്പിക്കും.

പൊലീസിനെ അവശ്യഘട്ടത്തില്‍ സഹായിക്കാനും ഇതിനോടകം അരുണിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഇഷ്ടവിനോദം എന്നതിനുമപ്പുറം നായ്ക്കളെ ജീവനു തുല്യം സ്നഹിച്ചു കൊണ്ടും ആ സ്നേഹം തിരികെ വാങ്ങി കൊണ്ടും നായ്ക്കൾക്ക് നല്ലനടപ്പിനുള്ള നല്ല പാഠങ്ങൾ പകർന്നു നൽകുകയാണ് ഈ ചെറുപ്പക്കാരൻ.