ചാത്തന്നൂര്‍ എം.എല്‍.എക്കെതിരെ നടപടി; പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി

ആശുപത്രി ഇടപാടില്‍ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലിനെതിരെ നടപടിയെടുക്കാനുള്ള സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. അഴിമതി ആരോപണത്തിന്റെ പേരില്‍ ജയലാലിനെതിരെ യു.ഡി.എഫ് സമരം ചെയ്യുമ്പോള്‍ പാര്‍ട്ടി എടുത്ത നടപടി വിഭാഗീയതയുടെ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജയലാലിനെതിരായ നടപടിക്കെതിരെ കൊല്ലം ജില്ലയില്‍ നിന്ന് സംസ്ഥാന കൗണ്‍സിലില്‍ പ്രതിഷേധം ഉയരും. 

ആശുപത്രി ഇടപാടില്‍ പാര്‍ട്ടിയോട് ആലോചിക്കാതിരുന്നത് തെറ്റാണെന്ന് ജയലാല്‍ ഏറ്റുപറഞ്ഞിട്ടും കടുത്ത നടപടിയിലെക്ക് നീങ്ങുന്നത് സി.പി.ഐക്കുള്ളിലെ വിഭാഗീതയുടെ തുടര്‍ച്ചെയാണ്. കൊല്ലം ജില്ലയില്‍ ഇടതുപക്ഷത്ത് ഏറ്റവും പ്രതിച്ഛായയുള്ള എം.എല്‍.എയെന്നാണ് ജയലാലിനെ പാര്‍ട്ടി വിശേഷിപ്പിച്ചിരുന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന എന്‍ അനിരുദ്ധനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാനം രാജേന്ദന്‍ നടത്തിയ നീക്കങ്ങളെ ജില്ലാ കൗണ്‍സില്‍ പരാജയപ്പെടുത്താന്‍ മുന്‍പില്‍ നിന്നത് ജയലാലായിരുന്നു. ഇതിന്റെ പ്രതികാരമാണ് ജയലാലിനെതിരായ നടപടിയെ മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തപ്പെടുന്നത്. 

അഴിമതിയില്ലെന്ന് പാര്‍ട്ടി തന്നെ പറയുകയും ആരോപണ വിധേയന്‍ വീഴ്ച സമ്മതിക്കുകയും ചെയ്തതിനെ ശേഷം നടപടി വരുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആപൂര്‍വമാണ്. കൊല്ലം ജില്ലയിലെ പാര്‍ട്ടി സംഘടന സംവിധാനത്തെ തകര്‍ക്കുന്നതും യു.ഡി,എഫിന് രാഷ്ട്രീയയായുധം സമ്മാനിക്കുന്നതുമാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ജയലാല്‍ വഹിക്കുന്ന പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന കൗണ്‍സിലാണ് അംഗീകരിക്കേണ്ടത്. തീരുമാനം അംഗീകരിക്കപ്പെട്ടാലും കാനം രാജേന്ദ്രന്റെ തീരുമാനത്തിനെതിരെ എതിര്‍ശബ്ദം കൗണ്‍സിലില്‍ ഉയര്‍ന്നുവരും.