ഗ്ലോബൽ ഡിജിറ്റൽ ഹബ് വിവാദം; അതൃപ്തിയുമായി കമ്പനി

ധാരണാപത്രത്തില്‍ പറഞ്ഞവാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ച് ജാപ്പനീസ് കാര്‍നിര്‍മാതാക്കാളായ നിസാന്‍. ഇടതുസര്‍ക്കാര്‍ സ്വപ്നപദ്ധതിയായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ടെക്നോപാര്‍ക്കിലെ  ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിനെ ചൊല്ലിയാണ് വിവാദം. . നിസാന് വേണ്ട സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

മൂവായിരത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കുമെന്നു പറഞ്ഞ ഡിജിറ്റല്‍ ഹബ് പദ്ധതിയാണ് മുറപോലെ നടക്കുന്ന സര്‍ക്കാര്‍ കാര്യത്തില്‍ കുടുങ്ങിയത്. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുള്ള നിസാന്റെ ആഗോള ഹബ്ബാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലമില്ലാത്തതിനാല്‍ ഇന്‍ഫോസിസിന്റെ ഓഫിസ് ഉപപാട്ടത്തിനെടുത്താണ് ഹബ് പ്രവര്‍ത്തനം തുടങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഉപപാട്ടത്തിന് ഈ ഇളവ് നല്‍കാനാവില്ലെന്ന് റജിസ്ട്രേഷന്‍ വകുപ്പ് നിലപാട് എടുത്തതോടെ ജൂണ്‍ 20ന് സര്‍ക്കാരിന് നല്‍കിയ ത്രൈമാസ അവലോകനറിപ്പോര്‍ട്ടില്‍ പ്രശ്നം പരിഹരിക്കണമെന്ന് നിസാന്‍ കര്‍ശനമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മീറ്റിങ് വിളിച്ചശേഷമാണ് ഇളവ് നല്‍കാന്‍ തീരുമാനമായത്. ഏകജാലക അനുമതിയെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചാണ് ചെന്നൈയെ പിന്തള്ളി തിരുവനന്തപുരം ഡിജിറ്റല്‍ ഹബ്ബാക്കാന്‍ നിസാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവിധ വകുപ്പുകള്‍ കയറിയിറങ്ങി സമയവും ശേഷിയും പാഴാകുകയാണെന്നും എന്നിട്ടും കാര്യം നടക്കുന്നില്ലെന്നും നിസാന്‍ കുറ്റപ്പെടുത്തി. 

നഗരത്തിന്റെ സാമൂഹ്യ, ഭൗതിക അടിസ്ഥാനസൗകര്യം മെച്ചപ്പെടണം. ടെക്നോപാര്‍ക്കിലേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസുകള്‍ വേണം, തടസമില്ലാത്ത വൈദ്യുതിയും വെള്ളവും വേണം എന്നീ ആവശ്യങ്ങളും നിസാന്‍ ഉന്നയിച്ചിട്ടുണ്ട്.  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രധാനനഗരങ്ങളിലേക്ക് മതിയായ ഫ്ളൈറ്റുകള്‍ ഇല്ലാത്തതും പ്രശ്നമാണ്. സില്‍ക്ക് എയര്‍ സര്‍വീസ് നിര്‍ത്തിയതോടെ ഡിജിറ്റല്‍ ഹബിന്  കമ്പനി ആസ്ഥാനവുമായുള്ള ബന്ധം നഷ്ടമായി. ഡിജിറ്റല്‍ ഹബ് തിരുവനന്തപുരത്ത് നിലനിര്‍ത്തുകതന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടോക്കിയോയ്ക്ക് തിരുവനന്തപുരത്തുനിന്ന് ഫ്ളൈറ്റ് വേണമെന്ന ആവശ്യം സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുടെ മുന്നില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ തിരുവനന്തപുരത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്.