കാക്കഞ്ചേരി ദേശീയപാതയോരത്തേക്ക് കുന്നിടിഞ്ഞു വീണു; ആശങ്ക

മലപ്പുറം കാക്കഞ്ചേരി ദേശീയപാതയോരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും കുന്നിടിച്ചില്‍. ശക്തമായ മഴയില്‍ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് പതിച്ച കൂറ്റന്‍ പാറക്കല്ല് ദേശീയപാതയിലേക്കെത്താതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ പ്രളയത്തിന് കുന്നിടിച്ചിലുണ്ടായ ഭാഗത്ത് സുരക്ഷാഭിത്തി നിര്‍മ്മിക്കാത്തതാണ് അപകടത്തിന് കാരണം. 

കാക്കഞ്ചേരിക്കടുത്തുള്ള ദേശീയപാതയോരത്ത് നിര്‍മാണംനിലച്ച സുരക്ഷാഭിത്തിക്ക് മുകളിലേക്കാണ് ഇരുപത് മീറ്ററിലധികം ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞുവീണത്. കഴിഞ്ഞ പ്രളയകാലത്ത് കുന്നിടിഞ്ഞതിനെ തുടര്‍ന്നാണ്,, ഭൂവുടമ സുരക്ഷാഭിത്തിയുടെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് അനുമതിയില്ലാതെ അനധികൃതമായാണ് നിര്‍മാണമെന്ന നാട്ടുകാരുടെ പരാതിയില്‍ പണി നിലച്ചു. വീണ്ടും കുന്നിടിഞ്ഞതോടെ ഇതാണ് സ്ഥിതി. എല്ലാ രേഖകളും നല്‍കി റവന്യൂ വിഭാഗത്തില്‍ നിന്നും അനുമതി വാങ്ങിയാണ് നിര്‍മ്മാണം തുടങ്ങിയതെന്ന് ഭൂവുടമ പറയുന്നു.

പിന്നീട് നിര്‍മ്മാണം പുനരാരംഭിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജോലിക്കാരെ ലഭിക്കാത്തതിനാല്‍ അതും നടന്നില്ല. അപകടസാധ്യത കണക്കിലെടുത്ത് അടിയന്തിര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീണ്ടും കുന്നിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.