ആത്മഹത്യയല്ലാതെ മുന്നില്‍ ഇനി വഴിയില്ലെന്ന് പ്രവാസി വ്യവസായി കെ.പി.ജിജു

ആത്മഹത്യയല്ലാതെ തനിക്കും കുടുംബത്തിനും മുന്നില്‍ ഇനി വഴിയില്ലെന്ന് അങ്കമാലിയില്‍ ബാംബൂ കോര്‍പറേഷന്‍ വഞ്ചനയ്ക്കിരയായ പ്രവാസി വ്യവസായി കെ.പി.ജിജു . നീതി കിട്ടാന്‍ വേണ്ടി തന്‍റെയും കുടുംബത്തിന്‍റെയും ശരീരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുനല്‍കാന്‍ തയാറാണെന്നും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താ സമ്മേളനത്തില്‍ ജിജു പറഞ്ഞു.

തന്‍റെ നിസഹായത വിളിച്ചു പറയുന്ന കടലാസു കെട്ടുകളുമായാണ് ജിജു മൂന്നു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി എറണാകുളം പ്രസ് ക്ലബില്‍ ഇരുന്നത്. ഈ മുഖവുരയോടെ.

അമ്പത്തിയഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഹോട്ടല്‍ ബാംബൂ കോര്‍പറേഷന്‍റെ നയം മാറ്റത്തെ തുടര്‍ന്ന്  തുറന്നു പ്രവര്‍ത്തിപ്പിക്കാനാകാതെ പാചക തൊഴിലാളിയാകേണ്ടി വന്ന ജിജുവിന്‍റെ ദുരവസ്ഥ മനോരമ ന്യൂസ് റിപ്പോര്‍ട്ട ്ചെയ്തിരുന്നു. ജിജു ബുദ്ധിയില്ലാതെ പണം ചെലവഴിച്ചതിന്‍റെ ഉത്തരവാദിത്തമേല്‍ക്കാനാവില്ലെന്ന വിചിത്ര വിശദീകരണവുമായാണ് വാര്‍ത്തയോട് ബാംബൂ കോര്‍പറേഷന്‍ പ്രതികരിച്ചത്. ബാംബൂ കോര്‍പറേഷന്‍റെ വാദങ്ങളെയെല്ലാം തന്‍റെ പക്കലുളള രേഖകള്‍ നിരത്തി പൊളിച്ച ജിജു സര്‍ക്കാരിനോടും ബാംബൂ കോര്‍പറേഷനോടും കേരളത്തിന്‍റെ പൊതുസമൂഹത്തോടും ഇത്രകൂടി പറഞ്ഞാണ് മടങ്ങിയത്. 

മെ‍ഡിക്കല്‍ കോളജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ഞങ്ങളുടെ ശരീരം കൊടുക്കാന്‍ തയാറാണ്. ഇതും കൂടി ബാംബൂ കോര്‍പറേഷന് ഒരു ഡെഡിക്കേഷനായിട്ട് ഇരിക്കട്ടെ. ഇനിയൊരു പത്രസമ്മേളനമെന്തായാലും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ല ഇതു പറഞ്ഞ ശേഷം പ്രസ് ക്ലബില്‍ നിന്നിറങ്ങി പോകുന്നത്.