മന്ത്രിയുടെയും ബിജെപിയുടെയും നിര്‍ദേശം തള്ളി; വഴിയോര പാര്‍ക്കിങ് തുടരും

തിരുവനന്തപുരം നഗരത്തിലെ വഴിയോര പാര്‍ക്കിങ് തുടരും. പാര്‍ക്കിങ് ഒഴിവാക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെയും ബിജെപിയുടെയും നിര്‍ദേശം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തള്ളി. ഫീസ് ഈടാക്കുന്ന മേഖലകള്‍ കുറയ്ക്കാനും ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി ചേര്‍ന്ന് ട്രാഫിക്ക് ക്രമീകരണത്തില്‍ മാറ്റങ്ങള്‍ വരുത്താനും യോഗം തീരുമാനിച്ചു.

ദേശീയപാതയുടെ വശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍  എതിര്‍പ്പറിയിച്ചതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. പണം പിരിച്ചുള്ള പാര്‍ക്കിങ് അവസാനിപ്പിക്കെമമെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു. കൗണ്‍സില്‍ യോഗത്തിലും ഇതേ ആവശ്യം ഉയര്‍ത്തി ബിജെപി ബഹളമുണ്ടാക്കി.

കോണ്‍ഗ്രസും ഇതേ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ ക്രമീകരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുക്കൊണ്ട് പാര്‍ക്കിങ്ങ് തുടരാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനം. ഫീസ് ഈടാക്കുന്ന മേഖലകള്‍ കുറയ്ക്കാനും ട്രാഫിക്ക് അഡ്വൈസറി കമ്മറ്റിയില്‍ മന്ത്രിയെ നഗരസഭയുടെ ഭാഗം ധരിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പാര്‍ക്കിങ് നിരോധിച്ചാല്‍ നൂറ്റിയമ്പതോളം ട്രാഫിക്ക് വാര്‍ഡന്‍മാരെ പിരിച്ചുവിടേണ്ടിവരുമോ എന്ന ആശങ്കയ്ക്കും ഇതോടെ താല്‍ക്കാലിക വിരാമമായി.