പൈലറ്റ് ലൈസൻസ് പോക്കറ്റിലിട്ട് ജ്യൂസ് കടയിൽ ജോലി ചെയ്തു; ജീവിത പോരാട്ടം

വീടുവിട്ടിറങ്ങി കൊച്ചിയിലേക്ക് വണ്ടികയറുമ്പോള്‍ ഉടുതുണിക്കുമറുതുണി പോലുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിയ്ക്കാന്‍ പോലും പൈസയില്ല. പൈലറ്റാകാനുള്ള ലൈസന്‍സും ആഗ്രഹവും മടക്കി പോക്കറ്റിലിട്ടാണ് കൊച്ചിയിലെ ജ്യൂസ് കടയില്‍ ജോലിചെയ്തത്. വസ്ത്രത്തിനുള്ളില്‍ എത്രതന്നെ മറച്ചുപിടിച്ചാലും ഇഴജന്തുക്കളെ പോലെ പെണ്ണുടല്‍ നൂഴ്ന്ന് പുറത്ത് കടക്കും,ആണ്‍വേഷമുള്ള പെണ്ണിന് ജോലികൊടുക്കാന്‍ ആരുംതയ്യാറായിരുന്നില്ല. വീട്ടുതടങ്കലില്‍ നിന്നും പുറത്തുചാടിയതിന്റെ സന്തോഷമൊക്കെ കുറച്ചുദിവസത്തെ കഷ്ടപാടുകൊണ്ടില്ലാതായി പക്ഷെ സ്വാതന്ത്ര്യത്തിന്റെ കണ്ണീരിന് ഇത്തിരിപുളിപ്പുണ്ടായാലും  അത്ര നോവില്ല. ആദംഹാരി ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പൈലറ്റാണ്. അവന്‍ സ്വന്തം ശരീരത്തില്‍ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ച് ഇഷ്ടമുള്ള ലിംഗം തിരഞ്ഞെടുത്തുകഴിഞ്ഞു. പെണ്ണായിരുന്നുവെന്ന ഒാര്‍മ്മപോലും ഇനി വേണ്ട. പഴയപേരുചോദിച്ചപ്പോള്‍ ആദം പറയാന്‍ കൂട്ടാക്കിയില്ല.

കുട്ടിക്കാലം മുതല്‍ ആദത്തിന്റെ സ്വപ്നങ്ങള്‍ക്ക് ആകാശത്തിന്റെ നീലീമയാണ്. ഉയരങ്ങളില്‍ പറക്കണമെന്നും പൈലറ്റാകണമെന്നും ആഗ്രഹിച്ചു. ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍ത്തു. പിന്നീട് ആദത്തിന്റെ ആഗ്രഹത്തിന് അവര്‍ വഴങ്ങി. പതിനേഴാം വയസ്സില്‍ ജോഹനാസ് ബര്‍ഗില്‍ പൈലറ്റ് പരിശീലനത്തിന് പോകുമ്പോള്‍ വീട്ടുകാര്‍ക്ക് ഒറ്റനിബന്ധനയെ ഉണ്ടായിരുന്നുള്ളു. ഇനി ആണിനെപ്പോലെ നടക്കരുത് വേഷമിടരുത്. ആറാംക്ലാസില്‍വെച്ചാണ് ആദം സ്വന്തം സ്വത്വദ്വന്ദ്വം തിരിച്ചറിയുന്നത്, ശരീരംകൊണ്ട് പെണ്ണും മനസ്സ്കൊണ്ട് ആണുമായ ദിവസം ആദം ഇന്നുമോര്‍ക്കുന്നു. ആര്‍ത്തവത്തിന്റെ ആദ്യനാളുകളില്‍ സ്വന്തംശരീരത്തോട് ആദത്തിന് വല്ലാത്ത വെറുപ്പ് തോന്നി. സ്കൂളിലെ ടീച്ചേഴ്സും ക്ലാസിലെ കുട്ടികളുെമല്ലാം ആദത്തിന്റെ സ്വഭാവത്തിലെ ൈവരുധ്യം ചൂണ്ടിക്കാട്ടി. സ്കൂളിലെ കൗണ്‍സിലര്‍ വിശദമായി കൗണ്‍സില്‍ ചെയ്തു. കുറച്ചൊക്കെ എക്സ്ട്രാ ആക്ടീവ് ആയിരുന്ന ആദത്തിന്റെ കുസൃതികളായാണ് ആദ്യമൊക്കെ ടീച്ചേഴ്സും രക്ഷിതാക്കളും അതിനെ കണ്ടിരുന്നത്. പിന്നീടവരും തിരിച്ചറിഞ്ഞുകാണണം അവളുടെ ഉള്ളില്‍ ആദമുണ്ടെന്ന്. വീട്ടുകാരും കുറെ ചികത്സിയ്ക്കാന്‍ നോക്കി. ശരിയാകും ഭേദമാകുമെന്നൊക്കെ അലോപ്പതി ‍ഡോക്ടര്‍മാര്‍ പോലും പറഞ്ഞു. പക്ഷെ അവളുടെ ശരീരത്തെ നെടുകെപിളര്‍ന്ന് ഒരു പുരുഷന്‍ വളര്‍ന്നുകൊണ്ടിരുന്നു.

ജോഹ്നാസ്ബര്‍ഗില്‍ പൈലറ്റ് പരിശീലനത്തിന് പോയപ്പോഴാണ്  ആദത്തിന് സ്വന്തം ശരീരത്തില്‍ നിന്നും പുറത്തുകടക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ലഭിച്ചത്. മുടിക്രോപ്പ് ചെയ്ത് ആണിനെപ്പോലെ വസ്ത്രം ധരിച്ച് ആദം ആണ്‍മയെ ആഘോഷിച്ചു. ഫെയ്സ്ബുക്കില്‍ ആദം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കണ്ട് വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞുതുടങ്ങി. പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിവന്നശേഷം ഒരുവര്‍ഷം വീട്ടുതടങ്കലായിരുന്നു. മാനസികമായി സമ്മര്‍ദ്ദം ചെലുത്തിയും ഉപദ്രവിച്ചും അവര്‍ മനസ്സുമാറ്റാന്‍ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല.ആരുമറിയാതെ ഒരുദിവസം വീട്ടില്‍നിന്നും പുറത്തിറങ്ങി തിരുവല്ലയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത് പക്ഷെ അവിടെ നിന്നും എങ്ങിനെയോ വീട്ടുകാര്‍ പിടിച്ചുകൊണ്ടുവന്നു. വീണ്ടും പുറത്തുചാടിയെത്തിയത് കൊച്ചിയില്‍, ഒരുമാസം മുമ്പ് വരെ കൊച്ചിയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ആവിയേഷന്‍ അക്കാദമിയില്‍ ട്യൂട്ടറായി പക്ഷെ ട്രാന്‍സ്്വുമണ്‍ ആണെന്നറിഞ്ഞ ശേഷം അക്കാദമിയില്‍ ശമ്പളമില്ലാതായി.

കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുന്ന ഇടവേളയിലാണ് ആദം ഇത്രയും പറഞ്ഞു തീര്‍ത്തത്. കോമേഷ്യല്‍ പൈലറ്റ് ലൈസന്‍സിനായി അപേക്ഷിക്കാനാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ആവിയേഷനില്‍ േചര്‍ന്നുപഠിയ്ക്കണം. ഏതെങ്കിലും എയര്‍വേസില്‍ പൈലറ്റായി ജോലി ചെയ്യണം. ഇനി അതാണ് സ്വപ്നം. വീട്ടുകാര്‍ അംഗീകരിക്കില്ലെന്നുറപ്പാണ് പക്ഷെ അവരെ കൂടി ബോധ്യപ്പെടുത്താനായാല്‍ സന്തോഷം. ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ചികിത്സ തുടങ്ങി കഴിഞ്ഞു. ഹോര്‍മോണ്‍‌ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. ലിംഗമാറ്റ  ശസ്ത്രക്രിയക്കുള്ള സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് ആദം.

ഇരുപത് വയസ്സായിട്ടേ ഉള്ളു, ഇരുപതാം വയസ്സില്‍ ഒരു പുനര്‍ജന്മം ആദംഹാരി ആഗ്രഹിക്കുന്നുണ്ട്. മനസ്സില്‍ നിറയെ പ്രണയമുണ്ട്. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി വിവാഹം കഴിച്ചുജീവിക്കണം. ശസ്ത്രക്രിയയുടെ മൂന്ന്ഘട്ടവും പൂര്‍ത്തിയായാല്‍ പിന്നെ രണ്ടാംജന്മം പൂര്‍ത്തായാകും. പെണ്‍വേഷത്തില്‍ തന്നെ പലപെണ്‍കുട്ടികളും ആദമിനോട് ഇഷ്ടംപറഞ്ഞിട്ടുണ്ട്. തിരിച്ചും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു വളരെ കാര്യമായ ഒരു പ്രണയംതന്നെ ഉണ്ടായിരുന്നു. പക്ഷെ ട്രാന്‍സ്ഐ‍ഡന്ററ്റി പുറത്തുവന്നതോടെ അവളുടെ വീട്ടുകാര്‍ പ്രശ്നമാക്കി. തല്‍കാലം പ്രണയം ജീവിതത്തോട് മാത്രം.ഇത്രയും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായിട്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങള്‍ ബാക്കിയുണ്ട് അതെല്ലാം സ്വന്തമാക്കണം ഒപ്പം ആശിച്ച ജീവിതവും.