പത്തു ദിവസത്തിനിടെ ഭീതി പരത്തി ആറ് രാജവെമ്പാലകള്‍; വഴിക്കടവില്‍ ആശങ്ക


മലപ്പുറം നിലമ്പൂർ എടക്കരയെ ഭീതിയിലാഴ്ത്തി രാജവെമ്പാലകൾ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെയാണ് എടക്കര വഴിക്കടവ് പ്രദേശങ്ങളിൽ നിന്നും പിടി കൂടിയത്. ഇതോടെ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാർ. വീട്ടുമുറ്റത്ത് നിന്ന് പോലും പാമ്പിനെ പിടികൂടിയതോടെ ആകെ പരിഭ്രാന്തിയാണ് നാട്ടിലെങ്ങും. അതേ സമയം രാജവെമ്പാല ഭക്ഷണം തേടിയാണ് ജനവാസ മേഖലയിലേക്കെത്തുന്നതെന്നാണ് റിപ്പോർട്ട്. മാലിന്യം നിറഞ്ഞ് എലി ശല്ല്യം കൂടിയത് പാമ്പിന്റെ വരവ് എളുപ്പമാക്കി.

ഇന്നലെ മാത്രം രണ്ട് രാജവെമ്പാലകളെ പിടികൂടി. ആനമറി കോക്കാടൻ ആമിയുടെയും പൂവത്തിപൊയിൽ നെയ് വാതുൽക്കൽ അലവിയുടെയും വീടുകളിൽ നിന്നാണ് ഇന്നലെ കണ്ടെത്തിയത്. പാമ്പ് പിടുത്ത വിദഗ്ധനായ മുജീബ് റഹ്മാനാണ് രണ്ട് പാമ്പുകളെയും പിടി കൂടിയത്.

വിശക്കുമ്പോൾ ഭക്ഷണം തേടിയാണ് പാമ്പുകൾ വീട്ടിലേക്കു വരുന്നതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. എലിയാണ് പാമ്പുകളുടെ ഭക്ഷണം. എലി വീട്ടിലുണ്ടെങ്കിൽ പാമ്പുകൾ പെരുകും. അതിനാൽ എലിയെ ആണ് ആദ്യം ഇല്ലാതാക്കേണ്ടത്. എലികളുടെ എണ്ണം കുറയണമെങ്കിൽ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്കരണം ഒരുക്കിയ വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന കുറവായിരിക്കും.

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്