രണ്ട് റോഡുകള്‍ക്ക് അനുമതി; കുത്തിപ്പൊളിച്ചത് ആറ് റോഡുകള്‍; പ്രതിഷേധം

കൊച്ചി മരട് നഗരസഭാ പരിധിയിലെ റോഡുകള്‍ അനുമതിയില്ലാതെ ജലഅതോറിറ്റി കുത്തിപ്പൊളിച്ചുവെന്ന് നഗരസഭാ ഭരണസമിതി. രണ്ട് റോഡുകള്‍ക്ക് നല്‍കിയ അനുമതിയുടെ മറവില്‍ ആറ് റോഡുകള്‍ കുത്തിപ്പൊളിച്ചുവെന്നാണ് ആക്ഷേപം. പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു.

തൃപ്പൂണിത്തുറ ജലഅതോറിറ്റി ഓഫിസിലെത്തിയ മരട് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെയും, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഉപരോധിച്ചു. പണമടയ്ക്കാതെ റോഡുകള്‍ പൊളിച്ചതിനെ കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു. രണ്ട് റോഡുകള്‍ പൊളിക്കുന്നതിനാണ് അനുമതി നല്‍കിയതെന്നും ആദ്യ ഗഡുവായി നല്‍കാമെന്ന് അറിയിച്ചിരുന്ന രണ്ടുകോടി എണ്‍പത്തിമൂന്ന് ലക്ഷം രൂപ നല്‍കാത്തതിന് കാരണം വ്യക്തമാക്കണമെന്നും പ്രതിഷേധക്കാ‍ര്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷമായി ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഫണ്ടില്ലാതെ ആറ് റോഡുകള്‍ കുത്തിപ്പൊളിച്ച് ജലഅതോറിറ്റി വഞ്ചിക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രതിഷേധം നീണ്ടതോടെ പൊലീസും സ്ഥലത്തെത്തി. ശനിയാഴ്ച ധനകാര്യ സെക്രട്ടറിയെ വിവരം ധരിപ്പിക്കാമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ ഉറപ്പിന്‍മേലാണ് ഉപരോധം അവസാനിപ്പിച്ചത്.