തീർഥാടനകാലത്ത് വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണം: ദേവസ്വം ബോര്‍ഡ്

ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ എണ്ണംകുറയാന്‍ കാരണം വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാത്തതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിര്‍ദ്ദേശം പൊലിസിനേയും സര്‍ക്കാരിനേയും ബോര്‍ഡ് അറിയിക്കും.

കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ ദേവസ്വംബോര്‍ഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനെയും പൊലീസിനേയും അറിയിക്കുക. തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങള്‍ക്ക് പമ്പയിലേയ്ക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരിച്ച് നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുക എന്നതാണ് നിര്‍ദ്ദേശം. 

ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് കണക്കുകൂട്ടുന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പമ്പയിലേയക്ക് പ്രവേശനം വിലക്കുകയും ചെയ്തതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായകുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.