അധ്യാപകന്റെ ആൾമാറാട്ടം; പ്ലസ് വൺ വിദ്യാർഥികളുടെ ഫലം കൂടി തടഞ്ഞു

വിദ്യാര്‍ഥികള്‍ക്ക് പകരം അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ മുക്കം നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഫലം കൂടി തടഞ്ഞു. കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അധ്യാപകനായ നിഷാദ് വി. മുഹമ്മദ്  ഉത്തരക്കടലാസ്  പൂര്‍ണമായി മാറ്റിയെഴുതിയെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ 32 വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു.  

ഫലം തടഞ്ഞ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികളും വീണ്ടും പരീക്ഷയെഴുതണം. രണ്ടു മാസത്തിനുള്ളില്‍ നടക്കുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷയാണ് ഇവര്‍ എഴുതേണ്ടത്. നീലേശ്വരം ഹയര്‌സെക്കന്‍‍ഡറി സ്കൂളില്‍ തന്നെ ഇതിനുള്ള സൗകര്യം ഒരുക്കും. എന്നാല്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ 32 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അധ്യാപകന്‍ തിരുത്തിയെഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കില്ല. ഈ മാര്‍ക്ക് കുറച്ചാണ് ഫലം പ്രസിദ്ധീകരിച്ചത്. വേണമെങ്കില്‍ ഈ കുട്ടികള്‍ക്കും ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതാം. 

രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷയും ഓഫീസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ്  അധ്യാപകനായ നിഷാദ് വി. മുഹമ്മദ്  \തിരുത്തുകയും ചെയ്തെന്നാണ് കണ്ടെത്തല്‍. അധ്യാപകന്‍ പൂര്‍ണമായി ഉത്തരക്കടലാസ് മാറ്റി എഴുതിയ രണ്ട് വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരുന്നു. അതേസമയം ഒളിവില്‍പ്പോയ അധ്യാപകര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.