സർക്കുലർ മറികടന്ന് വ്യാപക പണപ്പിരിവ്; എയ്ഡഡ് സ്കൂളുകളിൽ സ്ക്വാഡ് പ്രവർത്തനവും നിർജീവം

പ്ലസ് വണ്‍ പ്രവേശനത്തിന്  അനധികൃതമായി പിരിവ് നടത്തരുതെന്ന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കുലര്‍ അവഗണിച്ച് എയ്ഡഡ് സ്കൂളുകളില്‍ വ്യാപക പണപ്പിരിവ് .സ്കൂള്‍ തലങ്ങളില്‍ പരിശോധന നടത്താന്‍ ഡയറക്ടറേറ്റ്  നിയോഗിച്ച  സ്ക്വാഡുകളുടെ പ്രവര്‍ത്തനവും നിര്‍ജീവം 

ഒരു പിരിവും പാടില്ലെന്ന് ഡയറക്ടറേറ്റ് . എന്നാല്‍ പിരിച്ചാലെന്തെന്ന നിലപാടിലാണ് പല എയ്ഡഡ്  മാനേജ്മെന്റുകളും . വിദ്യാര്‍ഥി പ്രവേശനം തുടങ്ങിയതോടെ എയ്ഡഡ് സ്കൂളുകളില്‍  പിരിവ് വ്യാപകമാണ് .  സ്കൂള്‍  വികസന ഫണ്ടെന്ന ഒമനപ്പേരിലാണ് പലയിടത്തും പിരിവ് . ചിലയിടത്ത് രസീത് നല്‍കും ചിലയിടത്തില്ല . മെറിറ്റില്‍ പ്രവേശനം നേടുന്നവര്‍ പോലും പിരിവ് നല്‍കേണ്ട സ്ഥിതിയാണ് . കുട്ടിയുടെ തുടര്‍പഠനം മുന്നില്‍ കണ്ട് പലയിടത്തും രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്യുന്നില്ല . ഇത്തരത്തിലുള്ള പിരിവ് തടയാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട് . എന്നാല്‍  പല ജില്ലകളിലും സ്ക്വാഡിലുള്ളവര്‍ ഫോണ്‍വിളിച്ചാല്‍ പോലും എടുക്കുന്നില്ല

സയന്‍സ് വിഷയങ്ങള്‍ക്ക് 480 രൂപയാണ് പ്രവേശന ഫീസ് .കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്ക് 430 രൂപയും ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള വിഷയങ്ങള്‍ക്ക് . അമ്പത് രൂപ അധികം നല്‍കണം . നൂറുരൂപയാണ് പിടിഎ അംഗത്വഫീസ്  .രക്ഷിതാക്കളുടെ സമ്മതത്തോടെ 400രൂപ പിടിഎ ഫണ്ടും വാങ്ങാം. ഇതിനപ്പുറം വാങ്ങുന്നതെല്ലാം അനധികൃത പിരിവാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്