അന്ന് ഗാനമേള ട്രൂപ്പില്‍; ഇന്ന് ആട് ഫാം ഉടമ; വിജയയാത്ര

സോജൻ ജോർജ്, സംഗീതഞ്ജൻ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗാനമേള ട്രൂപ്പിലെ കീബോർഡ് പ്ലെയർ. ഇതായിരുന്നു ഒരു കാലത്ത് ഈ ചെറുപ്പക്കാരന്റെ മേൽവിലാസം. ചെറുപ്പത്തിലേ കൂട്ടു കൂടിയതാണ് സംഗീതത്തോട്. പിന്നീടത് ജീവിതമാർഗമായി മാറി. രാജ്യത്തുടനീളം സംഗീതപരിപാടികളുമായി യാത്രകൾ ... തിരക്കിനിടയിലും ഈ മലയോര കർഷക പുത്രന്റെ മനസ്സിലെ സ്വപ്നം കൃഷിയുടെ ലോകത്തെ സന്തോഷങ്ങളായിരുന്നു. സംഗീതത്തോടൊപ്പം കൊണ്ടുപോകാൻ പറ്റുന്ന കൃഷി സാധ്യതകളെക്കുറിച്ചായി പിന്നീടുള്ള ചിന്ത. അങ്ങനെയാണ് ആട് ഫാം എന്ന ആശയം സോജന് രൂപപ്പെട്ടത്. പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും അലച്ചിലുകളും ഒടുവിൽ ആറുവർഷം മുമ്പ് അങ്ങനെ ഗോഡ്സ് വില്ല ഗോട്ട് ഫാം ആരംഭിച്ചു. ക്രമേണ ഫാം വളർന്നു തുടങ്ങിയതോടെ സംഗീതത്തിന് താൽക്കാലിക അവധി നൽകേണ്ടിവന്നു സോജന്.

വീട്ടിലെ പ്രധാന കൃഷിയായ റബർ വിലത്തകർച്ച നേരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് സോജൻ ആട് ഫാം ആരംഭിക്കുന്നത്. മൂന്നുവർഷം മാത്രം ടാപ്പിംഗ് ചെയ്ത ഒരു ഏക്കർ റബർ മുറിച്ചുമാറ്റി അവിടെ ആടിനുള്ള തീറ്റപ്പുൽ കൃഷി ആരംഭിച്ചു. പുല്ലു വളർന്നപ്പോൾ കൂട് പണിതു. 30 ആടുകളുമായി ഫാം തുടങ്ങി. ആറുമാസം കഴിഞ്ഞപ്പോൾ കൂട് വലുതാക്കി ആടുകളുടെ എണ്ണം നൂറിലേക്ക് എത്തിച്ചു. 30 ലക്ഷം രൂപയോളം ആയിരുന്നു കൂടും ആടുകളും പുൽകൃഷിയുമടക്കം മൊത്തം മുതൽമുടക്ക്. ഇന്ന് ബാങ്ക് ലോൺ അടക്കമുള്ള ബാധ്യതകളെല്ലാം വീട്ടി ഫാം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സോജൻ.

രാവിലെ എട്ടുമണിയോടെ ആരംഭിക്കും ഫാമിലെ പ്രവർത്തനങ്ങൾ. വീട്ടിലെ ആവശ്യത്തിനുള്ള പാൽ മാത്രമേ സോജൻ കറന്ന് എടുക്കാറുള്ളൂ . ബാക്കി പാൽ ആട്ടിൻ കുഞ്ഞുങ്ങളെ കുടിപ്പിക്കലാണ് ആദ്യ ജോലി. പിന്നീട് പാത്രങ്ങളെല്ലാം ക്ലീൻ ചെയ്തു കൂടും വൃത്തിയാക്കിയശേഷം തീറ്റ കൊടുക്കാനുള്ള ജോലികൾ ആരംഭിക്കും. സമീകൃത ആഹാരമാണ് ആടുകൾക്ക് രാവിലത്തെ ഭക്ഷണം.

ഭക്ഷണ ശേഷം ആടുകൾക്ക് വിശ്രമം ആണ്. പിന്നീട് പറമ്പിൽ കൃഷി ചെയ്തിരിക്കുന്ന തീറ്റപ്പുൽ മുറിച്ചെടുക്കലാണ് അടുത്ത ജോലി. മൂന്ന് ഏക്കറോളം സ്ഥലത്താണ് ഇന്ന് സോജന്റെ തീറ്റപ്പുൽകൃഷി. തീറ്റപ്പുൽ ഒട്ടും വേസ്റ്റ് ആകാതെ, ആടുകൾക്ക് എളുപ്പം കഴിക്കാനും ദഹനപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടി പുല്ല് ഞുറുക്കിയാണ് ആടുകൾക്ക് നൽകുന്നത്. കൂട്ടിൽ നിന്നും പുറത്തേക്ക് അഴിച്ചു വിടാത്ത മുട്ടനാടുകൾക്കും ഗർഭിണികളായിരിക്കുന്ന ആടുകൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാണ് തീറ്റപ്പുല്ല് അരിഞ്ഞിട്ട് നൽകുന്നത്. ബാക്കി ആടുകളെ എല്ലാം ഉച്ചക്കു ശേഷം തൊട്ടടുത്തുള്ള വനത്തിലേക്ക് മേയാനായി വിടും. വൈകുന്നേരം അഞ്ച് മണിയോടെ ആടുകളെ എല്ലാം കൂട്ടിലേക്ക് തിരികെ എത്തിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തെ ഫാമിലെ ജോലികൾ അവസാനിച്ചു.

ആട് ഫാം തുടങ്ങിയാൽ അതിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങാൻ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും സമയമെടുക്കും . കാരണം ആറുമാസം പ്രായമായ ആട്ടിൻ കുഞ്ഞുങ്ങളെ മേടിച്ചാൽ അവ പ്രജനനത്തിന് വേണ്ടി തയ്യാറാകുന്നത് ഒരു വയസ്സാകുമ്പോഴാണ്. ഗർഭധാരണം നടന്നാൽ 5 മാസം സമയമെടുക്കും ആട് പ്രസവിക്കാൻ. പ്രസവത്തിലൂടെ ലഭിക്കുന്ന ആട്ടിൻ കുഞ്ഞുങ്ങളെ ആറുമാസം വളർത്തിയ ശേഷമേ വിൽക്കാൻ സാധിക്കു. ഇതുകൊണ്ടാണ് വരുമാനം ലഭിച്ച തുടങ്ങാൻ രണ്ടുവർഷം സമയമെടുക്കും എന്ന് പറയുന്നത്. അതുവരെ പിടിച്ചുനിൽക്കാനുള്ള മനസും സാമ്പത്തിക പിൻബലവും ഒരു ആട് ഫാം തുടങ്ങുന്ന ആൾക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ ആട് ഫാം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്.

കൂടുതൽ ആടുകളെ വളർത്തുന്ന ഒരു ഫാം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ തികച്ചും ശാസ്ത്രീയമായി വേണം കൂടുകൾ രൂപകല്പന ചെയ്യേണ്ടത് . നിലത്തുനിന്ന് നാല് മുതൽ ആറ് അടി വരെ ഉയരത്തിൽ നിർമ്മിക്കുന്ന കൂടുകളിൽ ഒരാടിന് ചുരുങ്ങിയത് 10 ചതുരശ്രഅടി സ്ഥലം എങ്കിലും വേണം. മേൽക്കൂരയ്ക്ക് ഓടോ ഷീറ്റോ എന്തുവേണമെങ്കിലും ഉപയോഗിക്കാം.

5 മാസം വളർച്ചയെത്തുമ്പോൾ മുതൽ പെണ്ണാടുകൾ പ്രജനനത്തിന് തയ്യാറാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എങ്കിലും ഒരു വയസ്സ് പ്രായമാകുമ്പോഴാണ് പ്രജനനത്തിന് വേണ്ടത്ര ആരോഗ്യം പെണ്ണാടിന് ലഭിക്കുന്നത് . ഒരു വയസാകുമ്പേഴക്കും ഏകദേശം 20 കിലോയോളം ശരീരഭാരം ആട് നേടിയിരിക്കും. ഇത് കരുത്തും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും.

ഗർഭകാലഘട്ടത്തിൽ ആടുകൾക്ക് ഒരിക്കലും കാൽസ്യം ഭക്ഷണത്തോടൊപ്പം നൽകരുത്. ഇത് ആടുകളുടെ ഇടുപ്പ് എല്ലുകളുടെ ബലം വർധിപ്പിക്കുകയും പ്രസവം വളരെ ക്ലേശകരമാക്കുകയും ചെയ്യും . എന്നാൽ പ്രസവശേഷം ശേഷം നിർബന്ധമായും ആടുകളുടെ ഭക്ഷണക്രമത്തിൽ കാൽസ്യം ഉൾപ്പെടുത്തണം. കാരണം പാലിലൂടെ ധാരാളം കാൽസ്യം ആടുകൾക്ക് നഷ്ടപ്പെടും. പ്രസവാനന്തരമുള്ള കുഞ്ഞുങ്ങളുടെ പരിചരണത്തിലും വളരെയധികം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ആടു ഫാം തുടങ്ങാനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഇനം ആടുകളുടെ തെരഞ്ഞെടുപ്പ്. ഫാമുകളിൽ നിന്ന് ആട്ടിൻ കുഞ്ഞുങ്ങളെ മേടിക്കുമ്പോഴും മുട്ടനാടുകൾ രക്തബന്ധത്തിൽ പെട്ടതല്ല എന്ന് ഉറപ്പു വരുത്തണം. നമ്മുടെ കാലാവസ്ഥയോട് യോജിക്കുന്നതും കൂടുതൽ വരുമാന സാധ്യതയുള്ളതും മലബാറി ഇനം ആടുകൾക്കാണ് എന്നാണ് സോജന്റെ അഭിപ്രായം .

ഫാം എന്ന ആശയത്തിന്റെ പൂർണ്ണതക്കായി ആട് ഫാമിനോടൊപ്പം 10 പശുക്കളുടങ്ങിയ ചെറിയ ഒരു ഡയറി ഫാമും സോജൻ നടത്തിയിരുന്നു. ഏതാനും മാസങ്ങളായി ഡയറി ഫാം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് സോജൻ . പശുവിനെ മേടിച്ചാൽ തൊട്ടടുത്ത ദിവസം മുതൽ വരുമാനം ലഭിച്ചു തുടങ്ങും. എന്നാൽ ആടിൽ നിന്ന് വരുമാനം ലഭിക്കാൻ രണ്ട് വർഷമെങ്കിലും സമയമെടുക്കും. രോഗ സാധ്യതകൾ പശുവിനെ അപേക്ഷിച്ച് ആടിന് വളരെ കുറവാണ്. അതേ സമയം തണുപ്പു കൂടിയ കാലാവസ്ഥ ആടിന് ബുദ്ധിമുട്ടാണ് താനും.

ആട് ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ കൃത്യമായ പരിശീലന ശേഷം ആരംഭിക്കുന്നതാവും നല്ലതെന്നാണ് സോജന്റെ അഭിപ്രായം. തുടക്കത്തിൽ 20 ആടുകളുടെ ഒരു യൂണിറ്റ് ആരംഭിക്കുന്നതാണ് നല്ലത്. 20 പെണ്ണാടിന് ഗർഭം ധരിക്കാൻ ഒരു മുട്ടനാട്ട് മതിയാകും. കൂടാതെ 20 ആടുകൾ വരെ ഉള്ള യൂണിറ്റിന് ലൈസൻസ് ആവശ്യവുമില്ല.

പ്രായപൂർത്തിയായ ഒരാടിന് ഒരു ദിവസം തീറ്റ പുല്ലിന് പുറമേ സമീകൃതാഹാരമായി നൽകേണ്ടത് 400gm തീറ്റയാണ്. ഒരു ദിവസം 10 രൂപയോളം ഇതിന് ചെലവ് വരും. ഒരു മാസം 300 രൂപ. ഇങ്ങനെ 6 മാസം ഒരാടിനെ വളർത്താൻ 1800 രൂപ തീറ്റക്ക് മാത്രം ചെലവാകും. ഇതിനു പുറമേ തീറ്റപ്പുല്ല്, കൂലി, മരുന്നുകൾ എന്നിവക്കായി 6 മാസത്തേക്ക് വീണ്ടും ഒരു 1800 രൂപ കൂടി ചെലവിനത്തിൽ കൂട്ടേണ്ടതുണ്ട്. അങ്ങനെ ആകെ ചെലവ് ഒരാടിന് 6 മാസത്തേക്ക് 3600 രൂപ.

ഫാമിൽ ഉണ്ടാകുന്ന ആട്ടിൻ കുഞ്ഞുങ്ങൾ 6 മാസം കൊണ്ട് വിറ്റാലേ ഫാം ലാഭകരമാകൂ. 6 മാസം കൊണ്ട് ഒരാട് 15 കിലോ തൂക്കമെത്തും. എന്നാൽ അടുത്ത 6 മാസം കൊണ്ട് ഇത് 30 കിലോ ആകില്ല. 20 മുതൽ 25 കിലോ തൂക്കമാണ് ഈ വളർച്ച ഘട്ടത്തിൽ ഉണ്ടാകുക. അതേ സമയം തീറ്റ ഈ ഘട്ടത്തിൽ ഇരട്ടി വേണം താനും. സ്വഭാവികമായും ഉൽപാദന ചെലവ് വർദ്ധിക്കാൻ ഇത് കാരണമാകും.

ആടിന്റെ കാഷ്ഠവും മൂത്രവും ബയോഗ്യാസ് പ്ലാന്റിൽ എത്തിച്ച് വീട്ടിലേക്ക് ആവശ്യമായ ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ട് സോജൻ. കാഷ്ഠവും മൂത്രവും വളമായി വിൽപന നടത്തിയും വരുമാനം ഇദ്ദേഹം കണ്ടെത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ഈ ചെറുപ്പക്കാരനെ തേടി എത്തി കഴിഞ്ഞു. 100 ബ്രീഡിങ്ങ് സ്റ്റോക്കുകൾ അടക്കം 150 ആടുകൾ ഇന്ന് സോജന്റെ ഫാമിലുണ്ട്. ആട്ടിൻ കുഞ്ഞുങ്ങളുടെ വിൽപ്പന തന്നെയാണ് ഫാമിൽ നിന്ന് സോജന്റെ പ്രധാന വരുമാനമാർഗ്ഗം . ആറുമാസം വരെയുള്ള ഓർഡർ ബുക്കിങ്ങായി നിലവിലുണ്ട്. പുതിയതായി ഫാം തുടങ്ങുന്നവർ, പഞ്ചായത്തുകൾ, മൃഗസംരക്ഷണ വകുപ്പ് തുടങ്ങി സർക്കാരിന്റെ വിവിധ പദ്ധതികൾക്കാണ് സോജൻ ആട്ടിൻ കുഞ്ഞുങ്ങളുടെ വിൽപ്പന നടത്തുന്നത്. പുതിയതായി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകുന്ന ഫാം സ്കൂൾ കൂടിയാണ് ഇന്ന് സോജന്റെ ഗോട്ട്സ് വില്ല. ജീവിതത്തിന്റെ താളമായിരുന്ന സംഗീതത്തിനെ മനസിന്റെ താളമാക്കി തന്റെ ആടുകൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് ഈ നല്ലിടയൻ.

സോജൻ ജോര്‍ജിൻറെ വിലാസം: 

സോജൻ ജോർജ് തുണ്ടിയിൽ

ഗോട്ട്സ് വില്ല ഗോട്ട് ഫാം

പുലിക്കുന്ന്, മുണ്ടക്കയം

കോട്ടയം (ജില്ല)

ഫോൺ: 94 47 25 75 69