ഇതാ എരുമേലിയിലെ 'രാഹുൽ ഗാന്ധി'; ആഗ്രഹിച്ചത് പ്രശസ്തി മാത്രം; പേരിൽ രസക്കഥ

പേര് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയല്ല, 'എരുമേലി മുട്ടപ്പള്ളി  ഇളയാനിത്തോട്ടത്തിൽ രാഹുൽ ഗാന്ധി'. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എരുമേലിയിലെ ഈ രാഹുലും മത്സരിച്ചിരുന്നു. വയനാട്ടിൽ, സാക്ഷാൽ രാഹുൽ ഗാന്ധിയുടെ അപരനായി. 

കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയോടോ കോൺഗ്രസിനോടോ ഉള്ള വിരോധമല്ല, അപരനായി മൽസരിക്കാന്‍ കാരണം. ഒരേയൊരു ലക്ഷ്യം മാത്രം– പ്രശസ്തി.  2110 വോട്ടുകളാണ് ഇയാൾ വയനാട്ടിൽ നേടിയത്. 

എരുമേലിക്കാരന് രാഹുൽ ഗാന്ധിയെന്ന പേര് ലഭിച്ചതിനു പിന്നിലുമുണ്ട് രസകരമായൊരു കഥ. അച്ഛൻ കുഞ്ഞുമോൻ കടുത്ത കോൺഗ്രസുകാരനായിരുന്നു. മക്കൾക്കിട്ട പേരുകൾ രാജീവ് ഗാന്ധിയെന്നും രാഹുൽ ഗാന്ധിയെന്നും. ഈ രാഹുൽ ഗാന്ധി ഇടക്ക് ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന കൗതുകവുമുണ്ട്. ഇപ്പോൾ രാഷ്ട്രീയമില്ല.

തിരഞ്ഞെടുപ്പിനു ശേഷം ഇന്നലെയാണ് മലയാളി രാഹുൽ സ്വദേശത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തിയപ്പോൾ ആഗ്രഹിച്ചത് ലഭിച്ചു. അൽപം താരപരിവേഷമൊക്കെയായി. 

നാടൻ കലകളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന രാഹുൽ സംഗീതത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്.