വേദന മാറില്ല ചിക്കൂ; പുതുമോടി വിട്ടുമാറും മുൻപേ മരണമെടുത്തു; കണ്ണീർ

വർഷങ്ങൾ നീണ്ട പ്രണയകാലം. ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് പുതിയ ജീവിതം തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ. പക്ഷേ മധുവിധു യാത്ര കഴിഞ്ഞ് മടങ്ങുംവഴി കിരണിനെയും ജിൻസിയെയും മരണമെടുത്തു. 

''നീ പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെടാ ചിക്കൂ...ഒരു പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള നിന്റെ മുഖം എത്ര മായ്ച്ചാലും മായില്ല...ഒരു കൂട്ടുകാരൻ എന്നതിനപ്പുറം ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു നീ...നിന്റെ വേർപാട് നെഞ്ചിലേൽപ്പിച്ച വേദന കാലങ്ങളോളം ഞങ്ങളെ പിന്തുടരും...'', കിരണിൻറെ ഫെയ്സ്ബുക്ക് വാളിൽ സുഹൃത്തുക്കൾ പോസ്റ്റ് ചെയ്യുന്ന വരികളിൽ നിറയെ കണ്ണീർ. 

ഹണിമൂൺ യാത്ര കഴിഞ്ഞ് ബെംഗളൂരുവിൽ നിന്നും തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. മാണ്ഡ്യയിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളും ഭാര്യമാരുമാണ് ആപകടത്തില്‍പ്പെട്ടത്. പൂക്കോട് ഏഴാംമൈൽ കനാൽക്കര സ്വദേശിയാണ് കിരൺ (31). ഭാര്യ ജിൻസി (27) ചൊക്ലി യു.പി സ്‌കൂൾ അദ്ധ്യാപികയാണ്. ഇവർക്കൊപ്പം യാത്ര ചെയ്ത മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ഇ.എം. ജയദീപ് (30), ഭാര്യ വി.ആർ. ജ്ഞാനതീർത്ഥ (28) എന്നിവരും മരിച്ചു. ഇവരുടെ ഹണിമൂണ്‍ യാത്രയില്‍ ജയദീപും ഭാര്യയും ചേരുകയായിരുന്നു.

ജയദീപിന് സൗദിയില്‍ കപ്പലിലാണ് ജോലി. ഒരുവര്‍ഷം മുൻപാണ് അയല്‍ക്കാരായ ജ്ഞാനതീര്‍ത്ഥയുമായുള്ള വിവാഹം നടന്നത്. കിരണ്‍ അശോക് ഫോട്ടോഗ്രാഫറും കോട്ടയംപൊയിലിലെ ചിക്കു സ്റ്റുഡിയോ ഉടമയുമാണ്. ചൊക്ലി യു.പി. സ്‌കൂളില്‍ സംസ്‌കൃതം അദ്ധ്യാപികയാണ് ജിന്‍സി സി.പി.. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ഇവരെല്ലാം. അതുകൊണ്ട് ഒരു ഗ്രാമം മുഴുവൻ തേങ്ങുകയാണ് ഇവരുടെ മരണത്തിൽ.