മദ്യത്തിനും ലഹരിക്കുമെതിരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം; സർക്കാർ ഉദ്യോഗസ്ഥൻറെ പോരാട്ടം

വ്യത്യസ്തനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിചയപെടാം ഇനി. മദ്യത്തിനും ലഹിമരുന്ന് ഉപയോഗത്തിനുമെതിരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തി ശ്രദ്ധേയനാകുകയാണ് കെ.എസ്. ആര്‍.ടി.സി കോഴിക്കോട്  റിജിയണല്‍ വര്‍ക്ക് ഷോപ്പിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ ബഷീര്‍ കിഴിശേരി.

സമൂഹത്തെ ബാധിക്കുന്ന തിന്‍മകള്‍ക്കെതിരെയാണ് ബഷീര്‍ പോരാട്ടം. പേനയും പേപ്പറുമാണ് ആയുധങ്ങള്‍ .കാര്‍ട്ടൂണിലൂടെയും കാരിക്കേച്ചറിലൂെയും  സമൂഹ തിന്‍മകള്‍ക്കെതിരെ ശ്രദ്ധ ക്ഷണിക്കുകയാണ് കെ.എസ് ആര്‍.ടി.സിയുടെ കോഴിക്കോട്  റീജിയണല്‍ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായ ബഷീര്‍.

ജോലി സ്ഥലത്ത് മോശമായി പെരുമാറിയവര്‍ക്കെതിരെ വരച്ചുതുടങ്ങിയതാണ് ബഷീര്‍. ഇന്ന് ലൈവ് കാരിക്കേച്ചര്‍ നിര‍്‍മാണത്തില്‍ സംസ്ഥാനത്തു തന്നെ എണ്ണം പറഞ്ഞവരില്‍ ഒരാളാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാര്‍ട്ടൂണിനാകുമെന്നാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്

കാര്‍ട്ടൂണുകളുടെ സമാഹാരമായ 'നൂലാമാല' കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മദ്യം, ലഹരിമരുന്ന് വിഷയങ്ങളിലൂന്നിയുള്ള കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍  ബഷീര്‍ കിഴിശേരി.