ഇനി സമരക്കാരെ ലാത്തികൊണ്ട് തല്ലിചതയ്ക്കില്ല; പുതിയ രീതിയുമായി കേരള പൊലീസ്

കേരളപൊലീസിന് ലാത്തിചാര്‍ജ് ഇനി പഴയപടിയാകില്ല. സമരക്കാരെ നേരിടാനുള്ള ശാസ്ത്രീയ പരിശീലനം തുടങ്ങി. ലാത്തികൊണ്ട് പരുക്കേല്‍പ്പിക്കാതെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനുള്ള പുതിയ രീതിയാണ് പൊലീസുകാരെ അഭ്യസിപ്പിക്കുന്നത്. 

തൃപ്പുണിത്തുറ എആര്‍ ക്യാംപിലെ ഗ്രൗണ്ട് നിന്ന് ഇന്ന് രാവിലെ മുതല്‍ സാക്ഷ്യം വഹിച്ചത് തുടരെയുള്ള കല്ലേറിനും മുദ്രാവാക്യംവിളികള്‍ക്കും. പൊലീസുകാരെ പ്രകോപിപ്പിക്കുന്ന സമരക്കാരെ സംയമനത്തോടെ നേരിടാനുള്ള മുറകള്‍ പൊലീസുകാരെ പരിശീലിപ്പിക്കുന്നത് ഇങ്ങിനെയാണ്. ലാത്തികൊണ്ട് തല്ലിചതയ്ക്കുന്ന പഴയ രീതി ഇനി ഉണ്ടാകില്ല. ഷീല്‍ഡ് ഉപയോഗിച്ച് പരമാവധി ചെറുത്ത് നില്‍ക്കും. പിന്നെയും പ്രകോപിപ്പിച്ചാല്‍ തോളിലും കാലിലും മാത്രമായിരിക്കും ലാത്തിപ്രയോഗം. 

സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരിലും 100 ദിവസത്തിനകം പരിശീലനം പൂര്‍ത്തിയാക്കണമെന്നാണ് ഡിജിപിയുെട നിര്‍ദേശം

ബ്രിട്ടീഷുകാര്‍ തുടങ്ങി വച്ച തരത്തിലുള്ള ലാത്തി പ്രയോഗമാണ് പതിറ്റാണ്ടുകളായി കേരള പൊലീസ് പിന്തുടരുന്നത്. ഇത് പാടേ ഉപേക്ഷിച്ച്, മനുഷ്യാവകാശലംഘനം ഉണ്ടാകാതെയുള്ള പ്രതിരോധ മുറകള്‍ പരിശീലിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് കേരളപൊലീസ്.