ഏഴുവയസുകാരന് നീതി വേണം; സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

കേരളം നടുങ്ങിയ തൊടുപുഴയിലെ ഏഴുവയസുകാരന്റെ ക്രൂരകൊലപാതകം വീണ്ടും സജീവചർച്ചയാക്കി കേരള സൈബർ വാരിയേഴ്സ്. കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈ‌റ്റുകളാണ് സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തത്.  ഇതേ കുറിച്ച് കേരള സൈബർ വാരിയേഴ്സിന്റെ ഫെയ്സ്ബുക്ക് പേജിലും കുറിപ്പുണ്ട്. 

‘ജസ്റ്റിസ് ഫോർ പപ്പി’ എന്ന കുറിപ്പോടെയാണ് സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുള്ളത്. എഴുവയസുകാരൻ മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയെ പ്രതി ചേർത്തിട്ടെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നും ഹാക്കേഴ്സ് ആരോപിക്കുന്നു. കുട്ടിയുടെ മരണത്തിന് പിന്നിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

‘നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അരുൺ ആനന്ദിനൊപ്പം അനുഭവിക്കാൻ ഈ സ്ത്രീയും ബാധ്യസ്ഥയാണ്. സർക്കാർ എത്രയും പെട്ടന്ന് ഉചിതമായ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോയിട്ടില്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകും. ഒപ്പം സമാന സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ക്രിയാത്മക ഇടപെടലുകളും ആവശ്യമാണ്.’ സൈബർ വാരിയേഴ്സ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സാങ്കേതികവിദഗ്ദര്‍ വെബ്സൈറ്റിന്‍റെ തകരാര്‍ പരിഹരിച്ചു.