ശരീരമാകെ മുറിപ്പാടുകൾ, പൊള്ളൽ, തലയ്ക്ക് ഗുരുതര പരുക്ക്; കുഞ്ഞേ നിന്റെ കാൽവരി

ദുഖവെള്ളി ദിനത്തിൽ കേരളത്തിന്റെ നൊമ്പരമായി ഏലൂരിലെ ഇതര സംസ്ഥാനക്കാരനായ കുരുന്നും. കുഞ്ഞുവേദനകൾക്കിനി മറുപടി കർശനമായ നിയമ നടപടികളിലൂടെയാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.

അമ്മയുടെ പങ്കാളി മര്‍ദിച്ച് കൊന്ന തൊടുപുഴ സ്വദേശി ഏഴുവയസുകാരന്‍ വിങ്ങുന്ന ഒാര്‍മയായി നില്‍ക്കുമ്പോള്‍ തന്നെയാണ് രക്ഷിതാവിന്റെ തന്നെ മര്‍ദനത്തില്‍ ആലുവയിലും കുരുന്ന് മരണത്തിന് കീഴടങ്ങിയത് .ആർക്കും സഹിക്കാനാവില്ല മൂന്നര വർഷം മാത്രം നീണ്ട ജീവിതത്തിൽ അവനനുഭവിച്ച വേദന. ശരീരമാകെ മുറിപ്പാടുകൾ, കാലിൽ പൊള്ളലേറ്റുണ്ടായ വ്രണം. 

ഒടുവിൽ അടിയേറ്റ് തലയ്ക്ക് ഗുരുതര പരുക്ക്. ഒരു ജൻമത്തേക്കുള്ള വേദന അവൻ ഇതിനോടകം അനുഭവിച്ചു. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. . ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിെയ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത് . സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ്  കുട്ടിയെ മര്‍ദിച്ചെന്ന് അമ്മസമ്മതിച്ചത് . 

അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. എന്തായാലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മനോരമന്യൂസിനോട് പറഞ്ഞു