അമലിന്റെ വിളിയെത്തി; രാജീവിനെ പുണർന്ന് ഫഹദ്; ചിരിതൂകി നസ്രിയ; സൗഹൃദ വിഡിയോ

തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. പി.രാജീവും ഹൈബി ഇൗഡനും അൽഫോൺസ് കണ്ണന്താനവും ഏറ്റുമുട്ടുന്ന ഇവിടെ പ്രചാരണ രീതികളും വ്യത്യസ്ഥമാണ്. സൗഹൃദങ്ങളും പാർട്ടി ബന്ധങ്ങളും ഒട്ടേറെയുള്ള രണ്ടുനേതാക്കളാണ് രാജീവും ഹൈബിയും. ഇപ്പോഴിതാ സൗഹൃദത്തിന്റെ ചില ഒാർമകൾ പങ്കുവയ്ക്കുകയാണ് പി. രാജീവ്. ഫഹദ്–അൻവർ റഷീദ് ചിത്രം ട്രാൻസ് സിനിമയുടെ സെറ്റിലാണ് പി. രാജീവ് എത്തിയത്. 

സംവിധായകൻ അമൽ നീരദ് ക്ഷണിച്ചത് പ്രകാരം സിനിമാ ഷൂട്ടിങ് സെറ്റിൽ പ്രചാരണത്തിനിടെ എത്തിയ അനുഭവമാണ് രാജീവ് പങ്കുവയ്ക്കുന്നത്. ‘രാവിലെ അമലിന്റെ വിളി വന്നു. മഹാരാജാസിൽ രണ്ടു തവണ ചെയർമാനായിരന്നു അമൽ നീരദ്. അവിടെ യൂണിയൻ ഭാരവാഹിയായിരുന്ന അൻവർ റഷീദിന്റെ സിനിമയിൽ ക്യാമറ ചെയ്യുന്നത് അമലാണ്. അൻവറും അമലും സുഹൃത്ത് ഫഹദ് ഫാസിലും ഉച്ചക്ക് ഊണ് കഴിക്കാൻ ക്ഷണിച്ചു. 

കലൂർ AJ ഹാളിലായിരുന്നു ഷൂട്ടിങ്ങ്. 2004ൽ എന്റെ വിവാഹം നടന്നതും ഈ ഹാളിലാണ്. ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. നസ്രിയയും ഗിരീഷ് പോത്തനും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ചൂടുകൾക്കിടയിൽ ഞാനും ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ അവരും.പക്ഷെ സൗഹൃദം പൂത്തുലയുന്നത് ഇങ്ങനെയൊക്കെയാണ്. നല്ല നിമിഷങ്ങൾക്ക് നന്ദി.’ രാജീവ് കുറിച്ചു.