മൊറട്ടോറിയം നീട്ടിയ തീരുമാനം; സിഇസി അനുമതി തേടി സർക്കാർ

കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം സര്‍ക്കാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ അനുമതിക്കായി അയച്ചു. മാര്‍ച്ച് അഞ്ചാം തീയതി മന്ത്രിസഭയെടുത്ത തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഉത്തരവായി ഇറക്കാത്തതിലുള്ള അതൃപ്തി മുഖ്യമന്ത്രി , ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അതേതുടര്‍ന്നാണ് ഫയല്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണക്ക് കൈമാറിയത്. 

കാര്‍ഷിക കടങ്ങള്‍ക്കും കര്‍ഷകരുടെ മറ്റ് കടങ്ങള്‍ക്കുമുള്ള ജപ്തി നടപടികള്‍ക്കുള്ള  മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഫയല്‍ വെള്ളിയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണക്ക് അയച്ചത്. മാര്‍ച്ച് അഞ്ചാം തീയതിയാണ് കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒക്ടോബര്‍വരെ നിലവിലുള്ള മൊറട്ടോറിയം രണ്ട് മാസം കൂടി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മാര്‍ച്ച് പത്തിന് തിര‍ഞ്ഞെടുപ്പ് പ്രഖ്യാപനം വരും വരെ അത് ഉത്തരവായി ഇറക്കിയില്ല.അതിന് ശേഷം ഫയല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള സ്ക്രീനിംങ് കമ്മറ്റി തള്ളി.  ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രി കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വെച്ച് ചീഫ് സെക്രട്ടറിയെ അറിയിച്ചു. 

ഈ സാഹചര്യത്തിലാണ് ഫയല്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് അനുവാദത്തിനായി നല്‍കിയത്. അനുവാദം നിഷേധിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ഷകരെ സഹായിക്കാനുള്ള നടപടി തടഞ്ഞു എന്ന് ഭരണപക്ഷത്തിന് പറയാം. തീരുമാനം താമസിച്ചാല്‍ അതും തിര‍ഞ്ഞെടുപ്പില്‍ ആയുധമാക്കും. പെരുമാറ്റചട്ടം അനുസരിച്ച് അനുവാദം കിട്ടാന്‍വലിയ സാധ്യതയില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്  ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ഫയല്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ക്ക് നല്‍കിയതെന്ന് വ്യക്തം. രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാന്‍ ഇടയുള്ള വിഷയം ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കാനാണ് സാധ്യത. മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ  തീരുമാനം.