മുണ്ട് മടക്കിക്കുത്തി കുളത്തിലിറങ്ങി കുമ്മനം; ഒപ്പമിറങ്ങി അണികളും; ചിത്രങ്ങൾ

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർഥിയായി എത്തിയതോടെ കടുത്ത പ്രചാരണമാണ് മൂന്നു പാർട്ടികളും നടത്തുന്നത്. ബിജെപി കേരളത്തിൽ ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലൊന്നാണ് തിരുവനന്തപുരം. എന്നാൽ വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല കുമ്മനത്തിന്റെ പ്രചാരണം. ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കിയാണ് അദ്ദേഹം വ്യത്യസ്ഥനായത്. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്. കാവി മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങിയതോടെ പ്രവർത്തകർക്കും ആവേശമായി. ഇതോടെ അണികളും അദ്ദേഹത്തിനൊപ്പം കൂടി.

പിന്നീട് ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല,  കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തയാറായി. എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ രുചിയേറിയ ചക്കപ്പുഴുക്കും തയാറായിരുന്നു. ഇൗ ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ ബിജെപി പ്രവർത്തകരും ഇത് ഏറ്റെടുത്തു. കോളജിലും കവലകളിലും വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടമോടുമ്പോൾ കുളം വ്യത്തിയാക്കാൻ ഇറങ്ങിയ കുമ്മനം വേറിട്ട പ്രചാരണത്തിലൂടെ മികച്ച സന്ദേശവും മുന്നോട്ടുവയ്ക്കുകയാണ്.