കളം നിറയാൻ വി.കെ ശ്രീകണ്ഠൻ; മണ്ഡലമാകെ പദയാത്ര

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും മുമ്പെ ചിലര്‍ മല്‍സരരംഗത്തുണ്ടാകുമെന്ന് നമുക്കേതാണ്ടുറപ്പിക്കാം. ചില സൂചനകളിലൂടെ അവര്‍ കളംനിറയും. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായി വി കെ ശ്രീകണ്ഠന്‍ വരുമെന്നും നമ്മളുറപ്പിക്കുന്നത് അങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ശ്രീകണ്ഠന്‍ മണ്ഡലമാകെ നിറയുന്ന ഒരു പദയാത്ര നയിക്കുകയാണിപ്പോള്‍. ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായല്‍ കഴിഞ്ഞതവണ എം ബി രാജേഷ് അനായാസവിജയം കൊയ്ത പാലക്കാട്ട് ഇക്കുറി കടുത്ത മല്‍സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടിന് കൈവിട്ടുപോയ കൈപ്പത്തി ചിഹ്നം തിരികെയെത്തുമ്പോള്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്റെ പേരാണ് പ്രധാനമായുളളത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും മുന്‍പേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയില്‍ തുടക്കമിട്ടു. 

   

ജയ് ഹോ എന്ന പേരില്‍ വിെക ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക. 

        

‌ഇടതിന് വേരോട്ടമുളള പാലക്കാട് ആലത്തൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുകയെന്നത് വെല്ലുവിളിയാണ്. ഗ്രൂപ്പു വിത്യാസമില്ലാതെ നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയുളള പദയാത്ര ചലനമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

     

1977 ന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിപുലമായ പദയാത്ര മാര്‍ച്ച് 14 സമാപിക്കുമ്പോഴേക്കും സ്ഥാനാര്‍ഥിചിത്രവും വ്യക്തമാകും.