ആരെയും അറിക്കാതെ പാലം പൊളിച്ചു; നാട്ടുകാർ ദുരിതത്തിൽ

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചത് പത്തനാപുരത്തെ മലയോര മേഖലയിലെ നാട്ടുകാരെ ദുരിതത്തിലാക്കി. ആരെയും അറിക്കാതെ കരാറുകാരന്‍ പാലം പൊളിച്ചതുമൂലം ബിഎസ്എന്‍എല്ലിന്റെയും മറ്റ് സ്വകാര്യ കമ്പനികളുെടയും കേബിളുകളും നശിച്ചു.

പത്തനാപുരത്തിന്റെ കിഴക്കന്‍ മേഖയായ കലഞ്ഞൂരിനെ മാങ്കോടുമായി ബന്ധിപ്പിക്കുന്ന കലഞ്ഞൂര്‍ പാലമാണ് കഴിഞ്ഞ രാത്രി പൊളിച്ചത്. നട്ടുകാര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലം പൊളിച്ച് നീക്കിയത്. 

ജെസിബി ഉപയോഗിച്ച് പാലം പൊളിച്ചപ്പോള്‍ ഇതിലൂടെയുണ്ടായിരുന്ന ബിഎസ്എന്‍എല്ലിന്റെയടക്കം കേബിളുകളും നശിച്ചു. ഇതുമൂലും മേഖലയിലേക്കുള്ള ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും തടസപ്പെട്ടിരിക്കുകയാണ്.

കലഞ്ഞൂര്‍ മാങ്കോട് റോഡിലുള്ള വാഴപ്പാറയിലെ പാലവും റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉടന്‍ പൊളിക്കും. ഇതോടെ പത്തനാപുരത്തിന്റെ മലയോര മേഖലയിലേക്കുള്ള യാത്ര ദുഷ്കരമാകും.