പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം റവന്യൂ വകുപ്പ് തടഞ്ഞു; പ്രതിഷേധവുമായി എം.എല്‍.എ

മൂന്നാറില്‍ പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ. നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും രംഗത്തെത്തി. പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മിക്കുന്ന കെട്ടിടത്തിനാണ് എന്‍.ഒ.സി ഇല്ലാത്തതിന്റെ പേരില്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.

ഒരു കോടി രൂപാ  മുടക്കിയാണ്  മൂന്നാര്‍ പഞ്ചായത്ത്  വനിതാ വ്യാവസായ കേന്ദ്രം പണികഴിപ്പിക്കുന്നത്. ഇത്  മുതിരപുഴയാറിന്റെ  തീരം കയ്യേറിയുള്ള അനധികൃത  നിര്‍മാണമാണെന്ന്  ആരോപണമുണ്ടായിരുന്നു.  ഈ സാഹചര്യത്തിലാണ്  റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും എന്‍ ഓ സി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തത്. ഇതേ തുടര്‍ന്ന് അനുമതി ഇല്ലാതെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ  നിര്‍മാണം നിര്‍ത്തിവയ്ക്കുവാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഉത്തരവിട്ടു. 

എന്നാല്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം തുടര്‍ന്നതോടെ അധികൃതര്‍ സ്ഥലത്തെത്തി നിര്‍മാണം നിരോധിച്ചു. തുടര്‍ന്ന് ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും അറിവില്ലാത്ത  സബ് കലക്ടര്‍ കാര്യങ്ങള്‍ പഠിക്കണമെന്നും എം എല്‍ എ ആരോപിച്ചു. പ്രതിഷേധം കടുത്തതോടെ   റവന്യൂ ഉദ്യോഗസ്ഥര്‍  മടങ്ങി. നിലവില്‍ അനധികൃത നിര്‍മാണം ഇവിടെ തുടരുകയാണ്.