വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യത്തിലേക്ക്; സംസ്ഥാനത്തിന് അഭിമാനനിമിഷം

രോഗങ്ങള്‍ സ്ഥിരീകരിക്കാന്‍ നമുക്കിനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. സംസ്ഥാനത്തിന് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  യാഥാര്‍ഥ്യത്തിലേയ്ക്ക്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍  പൂര്‍ത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. രോഗനിര്‍ണയവും ഗവേഷണവും ലക്ഷ്യമിടുന്ന കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് ആണ്. 

മാരക വൈറസുകളെ പ്രതിരോധിക്കാന്‍ രോഗനിര്‍ണയത്തിനും ഗവേഷണത്തിനുമായി കേരളത്തിന് സ്വന്തമായൊരു കേന്ദ്രം. അതാണ് തോന്നയ്ക്കലില്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയില്‍ എവിടെ നിന്നുള്ള സാമ്പിളുകളും പരിശോധിക്കും. ജനങ്ങള്‍ക്ക് നേരിട്ടും സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്കാം. ആദ്യഘട്ടത്തിൽ 25,000 ചതുരശ്രഅടിയിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നാളെ  മുഖ്യമന്ത്രി നിര്‍വഹിക്കുന്നത് 

വൈറസ് പ്രതിരോധ മരുന്ന് നിര്‍മ്മാണവും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. കൂടാതെ, അന്താരാഷ്ട്ര ഏജൻസിയായ ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി'ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. എട്ട് ലാബുകളടങ്ങിയ ഇന്‍സ്റ്റിറ്റൂട്ട് രണ്ടായിരത്തി ഇരുപതോടെ പൂര്‍ണ സജ്ജമാകും