കാൻസർ രോഗികൾക്ക് പ്രചോദനമായി കൂട്ടായ്മ

അര്‍ബുദം ജീവതത്തിന്റെ അവസാന വാക്കല്ല എന്ന് വിളിച്ച് പറയുകയാണ് ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന കൂട്ടായ്മ കമ്മ്യൂണിയന്‍ 2019. അര്‍ബുദത്തെ വീറോടെ തോല്‍പിച്ച ഇരുന്നൂറോളം പേരാണ് കൊച്ചി കാ‍ന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച കൂട്ടായ്മയില്‍ രോഗത്തോട് പൊരുതുന്നവര്‍ക്ക് പ്രചോദനം പകരാനെത്തിയത്.

 അതെ,  കൃത്യമായ ചികിത്സയിലൂടെയും, ആത്മധൈര്യത്തിലൂടെയും അര്‍ബുദത്തെ കീഴടക്കിയ സൂര്യ പുതിയ പുതിയ സ്വപ്നങ്ങള്‍ക്ക് പിറകെയാണ്. രോഗാവസ്ഥയില്‍ നേടിയ ഡോക്ടറേറ്റ് ബിരുദത്തിലൂടെയാണ് ജീവിതത്തില്‍ അസാധ്യമായൊന്നുമില്ലെന്ന് സൂര്യ തെളിയിച്ചതും. സൂര്യയെ പോലെ കാന്‍സറിനെ പൊരുതി തോല്‍പിച്ചവരും, രോഗത്തോട് യുദ്ധം തുടരുന്നവരുമെല്ലാമുണ്ട് ഈ കൂട്ടത്തില്‍. ചികിത്സ കഴിഞ്ഞെത്തിയ അപര്‍ണ തന്റെ സംഗീതത്തെ ഇപ്പോള്‍ കൂടുതല്‍ സ്നേഹിക്കുന്നു.  

അര്‍ബുദം ബാധിച്ചാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടമായി എന്ന തോന്നലില്‍ തളര്‍ന്ന് പോകുന്നവരെ കൈപിടിച്ച് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഷം തോറും കാനസര്‍ ദിനത്തിലുള്ള ഈ കൂട്ടായ്മ. 

കൃത്യസമയത്തെ രോഗ നിര്‍ണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും കാന്‍സറിനെ തോല്‍പിച്ച അനുഭവമാണ് കമ്മ്യൂണിയനിലെത്തിയ ഭൂരിഭാഗം പേരും പങ്കുവച്ചത്. ഒപ്പം രോഗം ബാധിച്ചവര്‍ക്ക് കരുത്ത് നല്‍കാനും ജീവിത്തിലേക്ക് തിരികെ കൈപിടിച്ച് നടത്താനും സമൂഹം കൂടി ഒപ്പം നില്‍ക്കണമെന്നും ഈ കാൻസര്‍ ദിനത്തില്‍ ഇവര്‍ ഒാര്‍മിപ്പിക്കുന്നു.