മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് നീക്കം

 ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഢലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് ആരംഭിച്ചു.ബി.െജ.പി ക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല. ഇതിനു പുറമേ പത്തനംതിട്ടയിലും ,തൃശൂരും പൊതു സമ്മതരെ മല്‍സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ്. ആരംഭിച്ചിട്ടുണ്ട്. 

അയ്യപ്പഭക്തസംഗമവും, ശബരിമല സമരവും കര്‍മ സമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി  കമ്മിറ്റിയുണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അയ്യപ്പ ഭക്ത സംഗമത്തില്‍ വേദിയില്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവരെ കയറ്റിയിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ജനകീയമുന്നണിയാണെങ്കില്‍ എല്ലാ മത വിഭാഗക്കാരുടേയും വോട്ടും സമാഹരിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ആര്‍.എസ്.എസ് നീക്കത്തിനു പിന്നില്‍. കൂടാതെ പാര്‍ട്ടിയുടേതല്ലാത്ത സ്ഥാനര്‍ഥിയായി ആണെങ്കില്‍ മോഹന്‍ലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണ് നീക്കത്തിനു പിന്നില്‍ . സ്ഥാനാര്‍ഥിയാകണമെന്നു മോഹന്‍ലാലിനെ പ്രധാനമന്ത്രിയടക്കമുള്ളവരെ കൊണ്ട് നേരിട്ടു ആവശ്യമുന്നയിക്കാനും നീക്കമുണ്ട്.

ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ്. സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തുന്നതിനും ശ്രമമുണ്ട് . പാര്‍ട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും .  തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ്. എല്ലാ മണ്ഢലങ്ങളിലും  ചുമതലക്കാരെയും ഇതിനോടകം  നിയോഗിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാന  നീക്കം നടപ്പാക്കും.