ബൈക്ക് തേടിയെത്തിയാൽ പ്രതിയാകുമെന്ന് ഭയം; 'എടപ്പാൾ ബൈക്കുകൾ' സ്റ്റേഷനിൽ തന്നെ

ഹർത്താൽ ദിനത്തിൽ എടപ്പാൾ ടൗണിൽനിന്നു പിടികൂടിയ ബൈക്കുകൾ തിരിച്ചെടുക്കാൻ ആളെത്താത്തതിനാൽ ഒരുമാസമായി സ്റ്റേഷനിൽ കിടക്കുന്നു. ഹർത്താൽ അനുകൂലികൾ സഞ്ചരിച്ചിരുന്ന 35 ബൈക്കുകളാണ് പെ‍ാലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്.എന്നാൽ ഇവ തിരിച്ചെടുക്കാൻ ആരും എത്താതായത് പെ‍ാലീസിനു തലവേദനയായി.ബൈക്ക് അന്വേഷിച്ചെത്തിയാൽ കേസിൽ പ്രതിയാകുമെന്ന സംശയത്തിലാണ് ആരും ഏറ്റെടുക്കാൻ എത്താത്തതെന്ന് പെ‍ാലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. പലരും ഒളിവിൽത്തന്നെയാണ്. കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പെ‍ാലീസ്.

അതേസമയം ചില വാഹനങ്ങൾ സമരാനുകൂലികൾ സുഹൃത്തുക്കളിൽ നിന്നും മറ്റും വാങ്ങിയതാണ്. യഥാർഥ ഉടമകൾ കേസിൽ പ്രതികളുമല്ല. മറ്റു ചിലർ ഹർത്താൽ ദിനത്തിൽ ടൗണിലെത്തി വാഹനം നിർത്തിയിട്ട് രംഗം വീക്ഷിക്കാനായി എത്തിയവരാണ്. ഇവരുടെ ബൈക്കുകളും   പെ‍ാലീസ് കസ്റ്റഡിയിലെടുത്തതിലുണ്ട്.

ഒരുമാസമായി സ്റ്റേഷനിൽ വിശ്രമിക്കുന്ന ബൈക്കുകൾ വിട്ടുകിട്ടാതെ നിരപരാധികളായ ചില ഉടമകളും. ടൗണിൽ പ്രകടനം നടക്കുമ്പോൾ ഇതു  വീക്ഷിക്കാനായാണ് ചിലർ വാഹനം റോഡരികിൽ നിർത്തിയിട്ടത്. എന്നാൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതോടെ രംഗം മാറി. അക്രമത്തിനിടെ പല ബൈക്കുകളും തകർന്നു. ചില വാഹനങ്ങളുടെ കണ്ണാടികളും മറ്റും പെ‍ാലീസ് അടിച്ചു തകർക്കുകയും ചെയ്തു.

ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിലെത്തിയാൽ കേസിൽ പ്രതിയാകുമെന്ന ഭയത്താലാണ് പലരും അന്വേഷിച്ചു പോകാത്തത്. വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും പ്രതികളെ മുഴുവൻ പിടികൂടിയാലേ വാഹനം വിട്ടുനൽകൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.