96ാം വയസ്സിലെ ഒന്നാം റാങ്ക്; കാർത്ത്യായനിയമ്മ ഇനി കോമൺവെൽത് ഗുഡ്‌വിൽ അംബാസഡർ

96ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ഒന്നാം സ്ഥാനം നേടിയ കാർത്യായനിയമ്മ ഇനി കോമൺവെൽത്ത് പഠനത്തിന്റെ ഗുഡ് വിൽ അംബാസിഡർ. കേരളത്തിലെത്തി കാർത്യായനിയമ്മയെ സന്ദർശിച്ച ശേഷമാണ് കോമൺവെൽത്ത് ലേണിങ് വൈസ് പ്രസി‍‍‍ഡന്റ് ബാലസുബ്രമണ്യത്തിന്റെ പ്രഖ്യാപനം.

കോമൺവെൽത്ത് രാജ്യങ്ങളിൽ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമൺവെൽത്ത് പഠന പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിൽ പ്രായത്തെ തോൽപ്പിച്ചവരുടെ റാങ്ക് നേട്ടം കോമൺവെൽത്ത് ജേർണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിൽ കാർത്യായനിയമ്മയെയും ഉൾപ്പെടുത്തും.  

സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി പാസായിരിക്കുന്നത്. ഇത്ര ഉയർന്ന മാർക്ക് റെക്കോർഡാണെന്നും സാക്ഷരതാ മിഷൺ സാക്ഷ്യപ്പെടുത്തുന്നു. 

42,933 പേരെഴുതിയ പരീക്ഷയിൽ ഏറ്റവും പ്രായമുള്ള പരീക്ഷാർഥിയായിരുന്നു കല്ല്യാണിയമ്മ. സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു ഇൗ പരീക്ഷ. ഇതിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 99.08 ആണ് വിജയശതമാനം. 43,330 പേർ പരീക്ഷയെഴുതിയതിൽ 42,933പേരും വിജയിച്ചു എന്നത് പദ്ധതിയുടെ മികവിലേക്കും വിരൽചൂണ്ടുന്നു. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാർത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്.

ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യൽ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും.  ഒന്നാം റാങ്കിന്റെ ആവേശത്തിലാണ് കാര്‍ത്യായനിയമ്മൂമ്മ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയത്. ചുറ്റും കൂടിയ മാധ്യമങ്ങളോട് ആഹ്ളാദം മറച്ചുവച്ചില്ല. പിന്നെ കുട്ടികള്‍ സ്റ്റേജിലെത്തുന്ന അതേ ആവേശത്തോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി, ഒന്നാം സമ്മാനം വാങ്ങാന്‍.