പഞ്ചാബിൽനിന്ന് ആലപ്പുഴയിലേക്ക് അയച്ച ഗോതമ്പ് 10 മാസം കഴിഞ്ഞെത്തി; പുഴുവരിച്ച്

ആലപ്പുഴ ∙ പഞ്ചാബിൽ നിന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച 60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം. ഇന്നലെ രാവിലെ വാഗൺ തുറന്നപ്പോൾ ചാക്കുകളിൽ നിറയെ എലിയും പുഴുക്കളും. ഇവ ഗുഡ്സ് ഷെഡ്ഡിൽനിന്ന് എഫ്സിഐ ഗോഡൗണിലേക്കു മാറ്റിയെങ്കിലും ഉള്ളിൽ കയറ്റിയിട്ടില്ല. വരാന്തയിലും മറ്റുമായി അട്ടിയിട്ടിരിക്കുകയാണ്.

എഫ്സിഐ ബുക്ക് ചെയ്ത 12 വാഗണുകളിൽ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 6 ലോഡ് ഗോതമ്പാണു വാഗണിലുള്ളത്. നേരത്തേ എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്നു. മു‍ൻകൂർ പണമടച്ചു ബുക്ക് ചെയ്ത വാഗൺ വൈകിയതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്സിഐ അധികൃതർ പറഞ്ഞു. പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികളുണ്ടാകൂ.

∙ വിതരണം ചെയ്യില്ല

ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷൻ കടകളിലൂടെ വിതരണം ചെയ്യില്ലെന്നു മന്ത്രി പി. തിലോത്തമൻ പറഞ്ഞു. അതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫിസറോടു നിർദേശിക്കും. പരിശോധിച്ച് ഉറപ്പുള്ള സാധനങ്ങൾ മാത്രമേ വിതരണം ചെയ്യൂ. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുകളയണമെന്നും മന്ത്രി പറഞ്ഞു.