മോദിയുടെ സന്ദർശനം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി. ഈ മാസം പതിനഞ്ചിന് സന്ധ്യക്ക് ഏഴിനും ഒന്‍പതിനും മധ്യേയാണ് പ്രധാനമന്ത്രി ദര്‍ശനത്തിന് എത്തുന്നത്. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും സ്വദേശ് ദർശൻ പദ്ധതി വഴി പൂര്‍ത്തിയാക്കിയ സംവിധാനങ്ങള്‍അദ്ദേഹം ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് ഒാഫിസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കിഴക്കേക്കോട്ടയില്‍ നിന്ന് ശ്രീപത്മനാഭക്ഷേത്രത്തിലേക്കുള്ള വഴിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഇനി പൂര്‍ത്തിയാകാനുള്ളത്. കിഴക്കേഗോപുരത്തിന് മുന്നിലെ നടപ്പാതയുടെ നിര്‍മാണവും അവസാഘട്ടത്തിലേക്ക് കടന്നുപായല്‍ പിടിച്ചും മാലിന്യം നിറഞ്ഞും പടവുകള്‍ ഇടിഞ്ഞും കിടന്നിരുന്ന പത്മതീർത്ഥകുളത്തിന്റെ നവീകരണം ഏറെക്കുറെ പൂര്‍ത്തിയായി. തെക്ക്, പടിഞ്ഞാറ്, വടക്ക് ഗോപുരങ്ങളുടെ മുന്നിലെ നടപ്പാതകളും പൂര്‍ത്തിയായി.വൈദ്യുതീകരണം ജോലികള്‍ പുരോഗമിക്കുന്നു. പൈതൃക ഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണം,

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിവഴി ലഭ്യമായ 79  കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്.  ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകൾ തയാറായിവരികയാണെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. ഉദ്‌ഘാടന ചടങ്ങിൽ  ഗവർണർ ജസ്റ്റിസ് പി സതാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവര്‍ പങ്കെടുക്കും