തന്ത്രി കുടുംബത്തിനെതിരെ മലയര മഹാസഭ; ഉടമസ്ഥാവകാശത്തിനായി കോടതിയിലേക്ക്

ശബരിമലയിലെ തന്ത്രി സ്ഥാനം ബിസി 100 ല്‍ പരശുരാമന്‍ തന്നതാണെന്ന താഴ്മണ്‍ കുടുംബത്തിന്‍റെ അവകാശ വാദം ശുദ്ധ അസംബന്ധമാണെന്ന് ഐക്യ മലയരയ മഹാസഭ. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കാനായി കോടതിയെ സമീപിക്കും. ശബരിമലയെ ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും മലയരയ മഹാസഭ ആരോപിച്ചു. 

യുവതീ പ്രവേശത്തിന് പിന്നാലെ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് നേരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിരിഞ്ഞതോടെയാണ് ഇതിനെ പ്രതിരോധിക്കാനായി ബിസി 100 ല്‍ പരശുരാമനാണ് ക്ഷേത്രത്തിന്‍റെ അവകാശം തന്നതെന്ന വാദവുമായി തന്ത്രി കുടുംബം എത്തിയത്. എന്നാല്‍ ഇത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണെന്നാണ് ഐക്യ മലയരയ മഹാസഭയുടെ വാദം. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കാനായി സുപ്രീംകോടതിയെയോ ഹൈക്കോടതിയേയോ സമീപിക്കും. 

ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോടതിയാണെങ്കിലും മകരജ്യോതി തെളിയിക്കാനടക്കമുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി അപേക്ഷ നല്‍കും. അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമല. ചരിത്രത്തെ വളച്ചൊടിക്കുകയാണ് താഴ്മണ്‍  കുടുംബം ഇപ്പോള്‍ ചെയ്യുന്നത്. ക്ഷേത്രത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലായിരുന്നുവെന്നും മലയരയ മഹാസഭ വാദിക്കുന്നു.