തിരക്കൊഴിഞ്ഞ് 'മല'; മകരവിളക്കിന് ഇനി നാല് നാൾ മാത്രം

ദേശീയ പണിമുടക്കിന് ശേഷവും ശബരിമലയിൽ തിരക്കില്ല. മകരവിളക്കിന് നാല് ദിവസം മാത്രം  ശേഷിക്കെ ഇന്ന് ഉച്ചവരെ മുപ്പത്തി അയ്യായിരത്തോളം പേർ മാത്രമാണ് ദർശനം നടത്തിയത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് നിലയ്ക്കലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.   

മുൻ വർഷങ്ങളിൽ ഈ സമയത്ത് തിങ്ങി നിറങ്ങിരുന്ന നടപ്പന്തലിലടക്കം തിരക്കൊട്ടുമില്ല. തീർഥാടകർക്ക് വരി നിൽക്കാതെ തന്നെ ദർശനം നടത്താനുള്ള സാഹചര്യമാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. നെയ്യഭിഷേകമടക്കമുള്ള ചടങ്ങുകൾക്കും ഏറെ നേരം വരിനിൽക്കേണ്ടി വന്നില്ല. ഇന്നലെ ദർശനം നടത്തിയവരുടെ എണ്ണം എഴുപതിനായിരത്തിൽ കുറവാണ്. 

 നാളെ മുതൽ സന്നിധാനത്ത് എത്തുന്നവരിൽ പലരും മകരവിളക്ക് കഴിയുന്നത് വരെ സന്നിധാനത്ത് തങ്ങും. അപ്പോൾ വിരിവെക്കാനടക്കം കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. അതിനുള്ള തയ്യാറെടുപ്പിലും കൂടിയാണ് ദേവസ്വം ബോർഡ്.