സന്നിധാനത്തെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ്; തുടർ നടപടിയുണ്ടാകില്ല

സന്നിധാനത്തെ കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട നടപടിയിൽ ഇളവ് നൽകി വനംവകുപ്പ്. കവറിലാക്കിയ ഉൽപന്നങ്ങളുടെ വിൽപനക്ക്  നിരോധനമറിയിച്ചുള്ള നോട്ടീസിൽ തുടർ നടപടിയുണ്ടാകില്ല. ദേവസ്വം ബോർഡിന്റെ ആവശ്യത്തെത്തുടർന്നാണ് നിലപാട് മയപ്പെടുത്തിയത്. 

ബിസ്ക്കറ്റ്, പ്ലാസ്റ്റിക്ക് കവറിൽ നിറച്ച ശീതള പാനീയങ്ങൾ, തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്നായിരുന്നു വനം വകുപ്പ് നിർദേശം. അൻപത് കടകൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. സാധനങ്ങൾ ഒഴിവാക്കാനുള്ള നിർദേശം നീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ദേവസ്വം ബോർഡിനെ സമീപിച്ചു. തീർഥാടകരെത്തുന്നത് കുറവായതിനാൽ കച്ചവടം തീരെയില്ലെന്നും കനത്ത നഷ്ടത്തിലേക്ക് നീങ്ങുമെന്നും അറിയിച്ചു. ഇതെത്തുടർന്നാണ് ഇളവ് നൽകാൻ ദേവസ്വം ബോർഡ് വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. 

നിലവിൽ ശേഖരിച്ച സാധനങ്ങൾ വിൽക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല. പുതിയ സാധനങ്ങളെത്തിക്കുന്നതിൽ പ്ലാസ്റ്റിക് സാന്നിധ്യമുള്ളവ പൂർണമായും ഒഴിവാക്കും. ബിസ്കറ്റ് വിൽപനയ്ക്ക് ഇത്തവണ ഇളവും നൽകി. പെരിയാർ ടൈഗർ റിസർവിന് കീഴിലുള്ള പ്രദേശമായതിനാൽ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചാണ് നടപടിയെടുത്തതെന്നാണ് വനം വകുപ്പിന്റെ നിലപാട്.