ഭക്തര്‍ക്ക് തടസമുണ്ടാക്കരുത്, 6 മണിക്കൂറിനകം തിരിച്ചിറങ്ങണം; ശശികലക്കുള്ള നിർദേശങ്ങൾ

പൊലീസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ സന്നിധാനത്തേക്ക് പൊലീസ് കടത്തിവിട്ടു. നിലയ്ക്കലില്‍ ശശികലയെ തടഞ്ഞ പൊലീസ് നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് വായിച്ചുകേള്‍പ്പിച്ചു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തുടരാനാവില്ല, പ്രാര്‍ഥനാ യജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നോട്ടീസിലുണ്ടായിരുന്നത്. 

ഇത് ആദ്യം അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ശശികല പിന്നീട് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കി. തുടര്‍ന്നാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. പേരക്കുട്ടിയുടെ ചോറൂണിനാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന ശശികല പറഞ്ഞു

ശബരിമലയുടെ ചരിത്രത്തിലെങ്ങുമില്ലാത്ത പൊലീസ് നടപടിക്കാണ്  ഇന്നലെ രാത്രി സന്നിധാനം വേദിയായത്. രാത്രി 10.25 , നട അടക്കാൻ അര മണിക്കൂർ മാത്രമുള്ളപ്പോളാണ് സംഘർഷാവസ്ഥയുടെ തുടക്കം. വിവിധയിടങ്ങളിലായി തമ്പടിച്ചിരുന്ന അൻപതിലേറെ പേരടങ്ങിയ സംഘം നാമം ജപിച്ച് നടപ്പന്തലിലേക്ക് നീങ്ങി. വിശ്രമിക്കാൻ ആരെയും പൊലീസ്  അനുവദിക്കാതിരുന്ന നടപ്പന്തലിരുന്ന് നാമജപം തുടർന്നു.

പിരിഞ്ഞ് പോകണമെന്ന് പൊലീസ് അവശ്യപ്പെട്ടപ്പോൾ ഹരിവരാസനം കഴിഞ്ഞ് പോകാമെന്നറിയിച്ചു. ഇതിന് ശേഷം തിരിച്ച് പോകാൻ തുടങ്ങിയതോടെ ,എസ്.പി പ്രതീഷ് കുമാറെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചിലരെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു . ഇതൊടെ ബഹളമായി. നടപ്പന്തലിലെ സംഘർഷം ഒഴിവാക്കാൻ ആദ്യം പൊലീസ് പിൻമാറിയെങ്കിലും വീണ്ടും അറസ്റ്റിന് തയാറായി. ഒരാളെ മാത്രമല്ല ,എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നായി പ്രതിഷേധക്കാർ

ഒടുവിൽ കൂട്ട അറസ്റ്റിന് പൊലീസ് തീരുമാനമെടുത്തു. അറസ്റ്റിന് വഴങ്ങാൻ തയാറായെങ്കിലും നെയ്യഭിഷേകത്തിനായി നാളെ വരെ സന്നിധാനത്ത് തങ്ങണമെന് ആവശ്യപ്പെട്ടു. ഇത് പൊലീസ് അംഗീകരിച്ചില്ല. കുത്തിയിരുന്ന് അറസ്റ്റ് ചെറുക്കാൻ ശ്രമിച്ചവരെ ബലം പ്രയാഗിച്ച് കീഴടക്കി. സംഘർഷത്തിനിടെ നിലത്ത് വീണ് ഒരാൾക്ക് പരുക്കേറ്റു. ഒടുവിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പമ്പയിലേക്ക്. നിരോധനാഞ്ജ ലംഘിച്ചതിനൊപ്പം പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റവും ചുമത്തി.