ശബരിമല; സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി

ശബരിമലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള അവസാനഅവസരവും വിഫലമായതോടെ സര്‍ക്കാരും പ്രതിപക്ഷകക്ഷികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തകരെക്കൂടി ഇറക്കി പ്രതിരോധം ശക്തമാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചുകഴിഞ്ഞു. അക്രമമാര്‍ഗങ്ങളില്ലെങ്കിലും പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചതോടെ മണ്ഡലകാലത്ത് കാര്യങ്ങള്‍ സങ്കീര്‍ണമാകും. 

പ്രതീക്ഷയോടെയാണ് രാഷ്ട്രീയകക്ഷികളും മതസാമുദായിക സംഘടനകളും സര്‍വകക്ഷിയോഗത്തെ കണ്ടത്. എന്നാല്‍ പ്രശ്നപരിഹാരത്തിന് പുതിയതായി ഒരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാഞ്ഞത് രാഷ്ട്രീയനേതാക്കളെ ചൊടിപ്പിച്ചു.

വിളിച്ചുവരുത്തി വഞ്ചിച്ചുവെന്ന നിലപാടോടെയാണ് നേതാക്കള്‍ പലരും യോഗസ്ഥലത്ത് നിന്ന് പോയത്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണന്ന് സര്‍വകക്ഷിയോഗത്തിലൂടെ  തെളിഞ്ഞെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമര്‍ശനം.

ഇതരസംസ്ഥാനങ്ങളിലെ ഭക്തരെക്കൂടി അണിനിരത്തി ബി.ജെ.പി ശബരിമലയില്‍ പ്രതിരോധം ശക്തമാക്കും .അടുത്തദിവസം ചേരുന്ന എന്‍.ഡി.എ യോഗം അന്തിമ തീരുമാനമെടുക്കും. യുവതികളെ തടയാന്‍ നേരിട്ടിറങ്ങിയില്ലെങ്കിലും പ്രതിഷേധത്തിന്റ ശക്തി കൂട്ടാനാണ് യു.ഡി.എഫിലെയും ധാരണ. നാളത്തെ(വെളളി) രാഷ്ട്രീയകാര്യസമിതിയും തിങ്കളാഴ്ചത്തെ യു.ഡി.എഫ് യോഗവും സമരപരിപാടികള്‍ക്ക് രൂപം നല്‍കും. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസും സര്‍വസന്നാഹവുമായി മലകയറുമ്പോള്‍ തുലാമാസപൂ‍‍ജയ്ക്ക് നടതുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഗുരുതരമാകും ശബരിമലയില്‍ കാര്യങ്ങള്‍.