യുവതികളെത്തിയാല്‍ പ്രലോഭനമുണ്ടാകുമെന്നു ഹര്‍ജിക്കാരന്‍; അതിന് ചികില്‍സ വേറെയെന്ന് സര്‍ക്കാര്‍

ശബരിമലയില്‍ യുവതികള്‍ കൂട്ടത്തോടെ എത്തിയാല്‍ പ്രലോഭനം മൂലം പുരുഷന്മാരായ അയ്യപ്പഭക്തരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന് വാദം. ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ചോദ്യംചെയ്ത് ചെന്നൈ സ്വദേശി ടി.ആര്‍. രമേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് യുവതികളുടെ സാന്നിധ്യം പ്രലോഭനം സൃഷ്ടിക്കുമെന്ന വാദമുയര്‍ത്തിയിരിക്കുന്നത്. ഹര്‍ജിയില്‍ പറയുന്നതിങ്ങനെ...

‘‘എത്ര നിശ്ചയദാര്‍ഢ്യമുള്ളവരായാലും യുവതികള്‍ കൂട്ടത്തോടെ എത്തിയാല്‍ വഴിതെറ്റി വ്രതശുദ്ധി നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. വിശ്വാമിത്ര മഹര്‍ഷി പോലും മേനകയുടെ പ്രലോഭനങ്ങള്‍ക്കുമുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യര്‍ മഹര്‍ഷികളല്ലെന്ന് ഓര്‍ക്കണം. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന വ്രതചര്യകളില്‍ യുവതീസാന്നിധ്യം ഭംഗം വരുത്തും. അതിനാല്‍ യുവതികളെ നിയന്ത്രിക്കണം’’  

കടുത്ത ഭാഷയിലാണ് ഈ വാദങ്ങള്‍ക്ക് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. ഹര്‍ജിക്കാരന്‍റേയും ഉപദേശകരുടേയും രോഗത്തിന് ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ചികില്‍സയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഹര്‍ജിക്കാരന്റെ മനോഭാവമുള്ളവരെ കണക്കിലെടുത്താണ് ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കേണ്ടിവരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.